ബിജെപിയുമായി ഇനി ഒരു ചർച്ചയുണ്ടെങ്കിൽ അത് മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി മാത്രം: വിട്ടുവീഴ്ചയില്ലാതെ ശിവസേന

പൂണെ: തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് ഒരാഴ്ച കടന്നുപോയിട്ടും മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനത്തിൽ സമവായത്തിൽ എത്താനാകാതെ ബിജെപി-ശിവസേന സഖ്യം. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം നടക്കണമെങ്കിൽ മുഖ്യമന്ത്രി പദം തന്നെ വിട്ടുകിട്ടണമെന്നാണ് ശിവസേനയുടെ നിലപാട്. ഇതിൽ നിന്നും ഒരിഞ്ച് പിന്നോട്ടില്ലെന്ന് ശിവസേന വൃത്തങ്ങൾ പ്രതികരിക്കുന്നു.

ബിജെപിയുമായി ചർച്ച നടത്തുകയാണെങ്കിൽ അത് മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് മാത്രമാകുമെന്ന് ശിവസേന വക്താവ് സഞ്ജയ് റൗത്ത് പറഞ്ഞു. ബിജെപി ക്ഷണിക്കുന്നത് മുഖ്യമന്ത്രി പദം സംബന്ധിച്ച ചർച്ചക്കാണെങ്കിൽ മാത്രം പങ്കെടുക്കും.

ബിജെപിയുമായി മറ്റുതരത്തിലുള്ള ചർച്ചകൾക്കൊന്നും താൽപര്യപ്പെടുന്നില്ലെന്നും റൗത്ത് വ്യക്തമാക്കി. സർക്കാർ രൂപീകരണത്തിൽ ശിവസേന നിലപാട് കടുപ്പിച്ചതോടെ മന്ത്രിസ്ഥാനങ്ങൾ തുല്യമായി പങ്കുവെക്കാമെന്ന് ബിജെപി അറിയിച്ചിരുന്നു. എന്നാൽ ഇതിനോട് ശിവസേന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Exit mobile version