അയോധ്യ വിധിക്ക് മുമ്പ് സർക്കാർ രൂപീകരണം നടക്കണം; ബിജെപി-ശിവസേന സഖ്യത്തിന് അന്ത്യശാസനവുമായി ശരദ്പവാർ

മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി ശിവസേന തർക്കം തുടരുന്നതിനിടെ ദേവേന്ദ്ര ഫഡ്‌നാവിസിന് അന്ത്യശാസനയുമായി എൻസിപി തലവൻ ശരദ് പവാർ. അയോധ്യ വിധിക്ക് മുൻപെ സംസ്ഥാനത്ത് സർക്കാർ രൂപീകരണം നടക്കണമെന്ന് ശരദ് പവാർ വ്യക്തമാക്കി. ‘അയോധ്യ വിധിക്ക് മുൻപേ സംസ്ഥാനത്ത് സർക്കാർ ഉണ്ടാവണം. അയോധ്യ വിഷയത്തിൽ കഴിഞ്ഞ തവണ മുംബൈയിൽ നടന്നത് എന്താണെന്ന് എല്ലാവർക്കും അറിയാം. സമാധാനം നിറഞ്ഞ മഹാരാഷ്ട്രയ്ക്ക് പുതിയ സർക്കാർ അധികാരത്തിലുണ്ടാവണം’ ശരദ് പവർ പറയുന്നു.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്ച പിന്നിട്ടിട്ടും ബിജെപി-ശിവസേന തർക്കം കാരണം സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലാണ്. ശിവസേനയുടെ 50:50 ഫോർമുല ബിജെപിക്ക് സ്വീകാര്യമല്ലാത്തതാണ് മഹാരാഷ്ട്രയിൽ തർക്കം തുടരാൻ കാരണം. സർക്കാർ രൂപീകരണത്തിൽ നിർണായക ശക്തിയായ ശിവസേന മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന് ആവശ്യമുന്നയിക്കുന്നത് ബിജെപി പരസ്യമായി അവഗണിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ശിവസേന നേതാവ് സഞ്ജയ് റാവത്ത് ശരദ് പവാറിനെ സന്ദർശിച്ചതോടെ ശിവസേന സർക്കാർ രൂപീകരിക്കാൻ ബദൽ സാധ്യതകൾ തേടുകയാണെന്ന വാർത്ത പ്രചരിച്ചിരുന്നു. ഈ ആവശ്യവുമായി ശിവസേന ദൂതൻമാർ പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്തുന്നതായും വാർത്തകൾ വന്നു. എന്നാൽ വാർത്തകൾ ശരദ് പവാർ നിഷേധിച്ചു.

Exit mobile version