കര്‍ത്താര്‍പൂര്‍ ഗുരുദ്വാരയില്‍ സിഖ് തീര്‍ത്ഥാടകര്‍ക്കുള്ള നിബന്ധനകളില്‍ ഇളവ് വരുത്തി പാകിസ്താന്‍; സന്ദര്‍ശനം സൗജന്യമായിരിക്കുമെന്ന് ഇമ്രാന്‍ ഖാന്‍

ഇടനാഴി ഉദ്ഘാടന ദിവസം ഇന്ത്യയില്‍ നിന്നുള്ള സിഖ് സന്ദര്‍ശകര്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും എന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചത്

ന്യൂഡല്‍ഹി: കര്‍ത്താര്‍പൂര്‍ ഗുരുദ്വാരയില്‍ സിഖ് തീര്‍ത്ഥാടകര്‍ക്കുള്ള നിബന്ധനകളില്‍ ഇളവ് വരുത്തി പാകിസ്താന്‍. ഇടനാഴി ഉദ്ഘാടന ദിവസം ഇന്ത്യയില്‍ നിന്നുള്ള സിഖ് സന്ദര്‍ശകര്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും എന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചത്.

ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഇടനാഴിയുടെ ഉദ്ഘാടന ദിവസം സന്ദര്‍ശനത്തിന് പാസ്‌പോര്‍ട്ട് നിര്‍ബന്ധമില്ലെന്നും ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതിയെന്നും ഇമ്രാന്‍ ഖാന്‍ അറിയിച്ചു.
സിഖ് മതവിശ്വാസികളുടെ വിശുദ്ധകേന്ദ്രമാണ് ഗുരു നാനാക്കിന്റെ സമാധിസ്ഥലമായ കര്‍ത്താര്‍പൂര്‍ ഗുരുദ്വാര.

എന്നാല്‍ ഇത് ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത് പാകിസ്താനിലാണ്. ഇവിടേയ്ക്ക് ഇന്ത്യയില്‍ നിന്ന് ഒരു സ്ഥിരം പാത വേണമെന്ന് സിഖ്ക്കാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍, നയതന്ത്രതര്‍ക്കങ്ങളില്‍ പെട്ട് ഇത് നടപ്പിലാക്കാന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍ ചര്‍ച്ചയ്ക്ക് വാതില്‍ തുറന്ന് പാക് പ്രധാനമന്ത്രി കര്‍ത്താര്‍പൂര്‍ ഗുരുദ്വാരയിലേയ്ക്കുള്ള ഇടനാഴി നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈമാസം ഒമ്പതിനാണ് ഇടനാഴിയുടെ ഉദ്ഘാടനം നടക്കുന്നത്.

Exit mobile version