രാജ്യത്തെ പ്രമുഖരുടെ വിവരങ്ങള്‍ ഇസ്രായേല്‍ ചോര്‍ത്തിയ സംഭവം: നവംബര്‍ നാലിനകം വിശദീകരണം നല്‍കണമെന്ന് കേന്ദ്രം, നിഷേധിച്ച് എന്‍എസ്ഒ

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖരുടെ വിവരങ്ങള്‍ ഇസ്രായേല്‍ ചോര്‍ത്തിയ സംഭവം നിഷേധിച്ച് എന്‍എസ്ഒ. സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ വാട്സാപ്പിനോട് വിശദീകരണം തേടിയതിന് പിന്നാലെയാണ് ആരോപണങ്ങള്‍ നിഷേധിച്ച് എന്‍എസ്ഒ രംഗത്തെത്തിയത്. അതേസമയം, നവംബര്‍ നാലിനകം വിശദീകരണം നല്‍കണമെന്നാണ് ഐടി മന്ത്രാലയം വാട്സാപ്പിനോട് ശക്തമായി ആവശ്യപ്പെട്ടിരിക്കുന്നത്.

പെഗാസസ് എന്ന ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വാട്‌സാപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് സമ്മതിച്ച് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനി കാലിഫോര്‍ണിയയിലെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തതിന് പിന്നാലെയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ വാട്‌സാപ്പിനോട് വിശദീകരണം തേടിയത്.

ഇസ്രായേല്‍ അധിഷ്ഠിതമായ എന്‍എസ്ഒ എന്ന സൈബര്‍ ഇന്റലിജന്‍സ് സ്ഥാപനം വികസിപ്പിച്ച ചാര സോഫ്റ്റ്വെയറുപയോഗിച്ചാണ് ലോകമെമ്പാടും 1400ഓളം പേരുടെ സ്വകാര്യ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടത്. മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, നയതന്ത്രപ്രതിനിധികള്‍, രാഷ്ട്രീയക്കാര്‍ എന്നിവരുടേതടക്കമുള്ള രഹസ്യങ്ങള്‍ ചോര്‍ത്തിയെതെന്നാണ് വാര്‍ത്തകള്‍. എന്‍എസ്ഒ ഗ്രൂപ്പിനെതിരെ ചൊവ്വാഴ്ചയാണ് വാട്‌സാപ്പ് കോടതിയെ സമീപിച്ചത്.

മിസ്‌കോളുകളായി വരുന്ന വീഡിയോ കോളുകളിലൂടെയാണ് വൈറസ് എത്തിയതെന്നാണ് വാട്‌സാപ്പ് ആരോപിക്കുന്നത്. ഉപയോക്താവ് അറിയാതെ ഫോണിലെത്തുന്ന പെഗാസസ് വ്യക്തിഗത വിവരങ്ങളായ പാസ്വേര്‍ഡ്, കോണ്‍ടാക്ട്, കലണ്ടര്‍ ഇവന്റ് എന്നിവ ചോര്‍ത്തുകയാണത്രെ.

എന്നാല്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമാണ് സ്പൈവെയര്‍ നല്‍കുന്നതെന്നാണ് എന്‍എസ്ഒയുടെ അവകാശവാദം. സ്പൈവെയര്‍ ആക്രമണത്തിനെതിരെ വാട്‌സാപ്പ് സാന്‍ഫ്രാന്‍സിസ്‌കോ ഫെഡറല്‍ കോടതിയില്‍ ഹര്‍ജിയും നല്‍കിയിട്ടുണ്ട്. 75,000 യുഎസ് ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹര്‍ജി.

Exit mobile version