വാട്‌സ്ആപ്പില്‍ മെസേജ് വരുന്നു; അതിന് അനുസരിച്ച് കാര്യങ്ങള്‍ നടക്കുന്നു; കൊല്ലത്തെ വീട്ടില്‍ ഏഴ് മാസമായി അസാധാരണ സംഭവങ്ങള്‍; പോലീസില്‍ പരാതി

കൊല്ലം: വാട്‌സ്ആപ്പില്‍ വരുന്ന സന്ദേശത്തിന് അനുസരിച്ച് വീട്ടില്‍ അസാധാരണ സംഭവങ്ങള്‍ നടക്കുന്നു. കൊട്ടാരക്കര നെല്ലിക്കുന്നത്തെ വീട്ടുകാരാണ് അസാധാരണമായ പരാതി നല്‍കിയിരിക്കുന്നത്. വാട്സ്ആപ്പില്‍ മെസേജ് വരുന്നത് അനുസരിച്ച് വീട്ടില്‍ കാര്യങ്ങള്‍ സംഭവിക്കുന്നെന്നാണ് പരാതി. സൈബര്‍ സെല്ലിലും പോലീസിലും പരാതി നല്‍കിയിട്ടും ഗുണമുണ്ടായിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്.

കഴിഞ്ഞ ഏഴ് മാസമായി ഈ വീട്ടില്‍ നടക്കുന്നത് വിചിത്രമായ സംഭവങ്ങളാണ്. പറഞ്ഞാലും ആരും വിശ്വസിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്. ആദ്യം സ്വിച്ച് ബോര്‍ഡുകളും പിന്നാലെ വൈദ്യുതി ഉപകരണങ്ങളും കത്തി നശിച്ചുതുടങ്ങിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.

കൊട്ടാരക്കര നെല്ലിക്കുന്നം കാക്കത്താനത്തെ ഗൃഹനാഥനായ രാജന്‍ ഇലക്ട്രീഷ്യന്‍ ആണെങ്കിലും സ്വന്തം വീട്ടില്‍ നിരന്തരമായി സ്വിച്ച് ബോര്‍ഡുകളും വൈദ്യുത ഉപകരണങ്ങളും കത്തിപ്പോകുകയാണ്. ഇത് എന്തുകൊണ്ടാണ് എന്ന് ഇവര്‍ക്ക് മനസിലാക്കാനായിരുന്നില്ല. തുടര്‍ന്ന് സന്ദേശങ്ങള്‍ എത്താന്‍ തുടങ്ങിയതോടെ ഇപ്പോള്‍ ഈ വീട്ടിലെ വൈദ്യുത ബോര്‍ഡുകള്‍ എല്ലാം ഇളക്കിയിട്ടിരിക്കുകയാണ്.

also read- ഒരു മണിക്കൂര്‍ നീണ്ട സര്‍ജറി, ഇരുപത്തിമൂന്നോളം തുന്നല്‍; വണ്ടിയിടിച്ച് ഗുരുതരാവസ്ഥയില്‍ വഴിയില്‍ കിടന്ന പൂച്ചയെ രക്ഷപ്പെടുത്തി സിവില്‍ ഡിഫന്‍സ്

മാതാവ് വിലാസിനിയുടെ ഫോണില്‍ നിന്ന് സജിതയ്ക്ക് ഓരോ ദിവസവും വാട്സാപ്പ് സന്ദേശങ്ങള്‍ വരികയാണ് ചെയ്യുന്നത്. സജിതയ്ക്ക് വാട്സ്ആപ്പില്‍ നിന്ന് മുറിയിലെ ഫാന്‍ ഇപ്പോള്‍ ഓഫ് ആകും എന്ന് മെസ്സേജ് വന്നതിനു തൊട്ടുപിന്നാലെ അങ്ങനെ തന്നെ സംഭവിച്ചു. ടാങ്ക് നിറഞ്ഞ് വെള്ളം വെള്ളം പോകുമെന്ന് പറഞ്ഞതിന് തൊട്ടു പിന്നാലെ അങ്ങനെ തന്നെയുണ്ടായി എന്നാണ് ഇവര്‍ പറയുന്നത്. ഇത്തരത്തില്‍ സന്ദേശങ്ങള്‍ വരികയും അതുപോലെ തന്നെ സംഭവിക്കുന്നതുമാണ് ഇവരെ കുഴക്കുന്നത്.

അതേസമയം, ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണ് എന്നാണ് സൈബര്‍ സെല്‍ പറയുന്നത്. എന്നാല്‍ മറ്റു കാര്യങ്ങളൊക്കെ എങ്ങനെ സംഭവിക്കുന്നു എന്ന് വ്യക്തതയില്ലെന്നാണ് പോലീസ് വിശദീകരണം..

Exit mobile version