പാഠപുസ്തകങ്ങളില്‍ നിന്നും ടിപ്പു സുല്‍ത്താനെപ്പറ്റി പറയുന്ന ചരിത്ര അധ്യായങ്ങള്‍ നീക്കം ചെയ്യണം; കര്‍ണാടക മുഖ്യമന്ത്രി

ബംഗളൂരു: പാഠപുസ്തകങ്ങളില്‍ നിന്നും ടിപ്പു സുല്‍ത്താനെപ്പറ്റി പറയുന്ന ചരിത്ര അധ്യായങ്ങള്‍ നീക്കം ചെയ്യണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. ചില വിഷയങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഇടംപിടിക്കാന്‍ പാടില്ലെന്നും അത്തരത്തിലുള്ള ഒന്നാണ് ടിപ്പു സുല്‍ത്താന്റെ ചരിത്രമെന്നും യെദ്യൂരപ്പ ബംഗളൂരുവില്‍ പറഞ്ഞു.

ടിപ്പു സുല്‍ത്താന്റെ ചരിത്രം പാഠഭാഗങ്ങളില്‍ നിന്നും നീക്കം ചെയ്യാന്‍ തങ്ങളുടെ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ഇത്തരത്തിലുള്ള കാര്യങ്ങള്‍ സംഭവിക്കാന്‍ നൂറ്റിയൊന്ന് ശതമാനം തങ്ങള്‍ സമ്മതിക്കില്ലെന്നും യെദ്യൂരപ്പ പറഞ്ഞു.

തങ്ങളുടെ സര്‍ക്കാര്‍ ടിപ്പു ജയന്തി ആഘോഷം അവസാനിപ്പിച്ച് കര്‍ണാടകയുടെ പ്രതാപം തിരികെക്കൊണ്ടുവന്നുവെന്നും ഇനി പാഠപുസ്തകങ്ങള്‍ തിരുത്തി എഴുതി ശരിക്കുള്ള ടിപ്പു സുല്‍ത്താനെ കുട്ടികളെ പഠിപ്പിക്കുമെന്നും കര്‍ണാടക ബിജെപി ട്വിറ്ററില്‍ കുറിച്ചു.

എന്നാല്‍ ബിജെപിയുടെ ഈ നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. സ്വാതന്ത്ര്യത്തിന് വേണ്ടി ബ്രിട്ടന് എതിരെ പോരാടിയ ടിപ്പുവിന്റെ ചരിത്രത്തെ പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കാനുള്ള ശ്രമമാണിതെന്നും ടിപ്പു നല്‍കിയ സംഭാവനകളെക്കുറിച്ച് വരുംതലമുറ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണെന്നും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു.

Exit mobile version