വെള്ളമില്ലാത്ത കുഴല്‍ കിണറുകള്‍ മഴക്കുഴികളാക്കി മാറ്റാന്‍ ഉത്തരവ്; സുജിത്തിന്റെ അപകടത്തിനു പിന്നാലെ നടപടിയുമായി തമിഴ്‌നാട് സര്‍ക്കാര്‍

രക്ഷാപ്രവര്‍ത്തകരുടെ മാത്രമല്ല, രാജ്യത്തിന്റെയും കണ്ണുകളെ ഈറനണിയിച്ചതായിരുന്നു ഈ കാഴ്ച.

ചെന്നൈ: തിരുച്ചിറപ്പള്ളിയില്‍ രണ്ടരവയസുകാരന്‍ കുഴല്‍ കിണറില്‍ വീണ് മരണപ്പെട്ടത് രാജ്യത്തെ തന്നെ സങ്കട കടലിലാഴ്ത്തിയിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം കിണറില്‍ വീണ കുരുന്നിനെ ഇന്നലെ പുലര്‍ച്ചയോടെയാണ് പുറത്തെടുത്തത്. അതും അഴുകി തുടങ്ങിയ മൃതശരീരം. രക്ഷാപ്രവര്‍ത്തകരുടെ മാത്രമല്ല, രാജ്യത്തിന്റെയും കണ്ണുകളെ ഈറനണിയിച്ചതായിരുന്നു ഈ കാഴ്ച.

രണ്ടര വയസുകാരന്‍ സുജിത്തിന്റെ മരണം തമിഴ്‌നാട് സര്‍ക്കാരിന്റെ കണ്ണുകളെ തുറപ്പിച്ചിരിക്കുകയാണ്. സംഭവം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കാതിരിക്കുവാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍. വെള്ളമില്ലാത്ത കുഴല്‍കിണറുകള്‍ മഴക്കുഴികളാക്കി മറ്റാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണ്. ഇനിയും അപകടങ്ങളുണ്ടാവുമ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള മാര്‍ഗരേഖ പുറത്തിറക്കണമെന്ന ആവശ്യവും ശക്തമായി. സുജിത്തിന്റെ മരണം സ്ഥിരീകരിച്ചു മണിക്കൂറുകള്‍ക്കുള്ളിലാണ് ഇനിയും അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈകൊണ്ടിരിക്കുന്നത്.

കുഴല്‍ കിണറുകള്‍ക്കു മുകളില്‍ ഭൂഗര്‍ഭ ജലത്തിലേക്കു മാലിന്യങ്ങള്‍ കലരാതിരിക്കാന്‍ പ്രത്യേക അരിപ്പയും അടപ്പും സ്ഥാപിച്ചാണ് ഇത്തരം മഴക്കുഴികള്‍ നിര്‍മ്മിക്കുന്നത്. ഭൂഗര്‍ഭജല വിതാനം ഉയര്‍ത്താമെന്നതോടപ്പം അപകടങ്ങള്‍ ഒഴിവാക്കാമെന്നതുമാണ് ഈ തീരുമാനം കൊണ്ട് നേട്ടമുണ്ടാവുന്നത്. കുഴല്‍കിണര്‍ അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനു പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നവര്‍ക്കു സംസ്ഥാന ഐടി വകുപ്പ് അഞ്ചു ലക്ഷം രൂപ സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version