നാളെയോ മറ്റന്നാളോ ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; ശിവസേനയുടെ കടുത്ത നിലപാട് മാറുമെന്ന് ബിജെപി വിലയിരുത്തല്‍

മുംബൈ: മഹാരാഷ്ട്രയില്‍ നാളെയോ മറ്റന്നാളോ ദേവേന്ദ്രഫഡ്‌നാവിസ് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചനകള്‍. മുഖ്യമന്ത്രി പദം രണ്ടര വര്‍ഷം വീതം പങ്കിടണമെന്ന് ആവശ്യപ്പെട്ട് ശിവസേന ഇടഞ്ഞു നില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി ഒരുക്കം തുടങ്ങിയതായി സൂചനകള്‍ പുറത്തുവന്നത്.

മുഖ്യമന്ത്രി പദം രണ്ടരവര്‍ഷം വീതം പങ്കിടണമെന്ന ശിവസേനയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ബിജെപി ശിവസേനയുടെ നിലപാട് കാര്യമാക്കേണ്ടതില്ലെന്ന വിലയിരുത്തലിലാണെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ ഈ പ്രതിസന്ധി തുടരുന്നതിനിടെയാണ് ഇപ്പോള്‍ ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന സൂചനകള്‍.

ബിജെപിയും ശിവസേനയും തമ്മില്‍ ഇത്തരമൊരു ഉടമ്പടി ഇല്ലെന്ന് ഫഡ്‌നാവിസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ബിജെപിയുമായി ഇന്നു നടത്താനിരുന്ന ചര്‍ച്ച സേനാ തലവന്‍ ഉദ്ധവ് താക്കറെ റദ്ദാക്കി. എന്നാല്‍ കടുത്ത നിലപാടുകള്‍ മാറ്റി സേന തങ്ങള്‍ക്കൊപ്പം വരുമെന്നാണ് ബിജെപി നേതൃത്വം വിലയിരുത്തുന്നത്.

Exit mobile version