സുര്‍ജിത്തിനായി പ്രാര്‍ഥനയോടെ ലോകം: 24 മണിക്കൂറായി രക്ഷാപ്രവര്‍ത്തനം തുടരുന്നു; രണ്ടരവയസ്സുകാരന്‍ അകപ്പെട്ടിരിക്കുന്നത് 100 അടി താഴ്ചയില്‍

തിരുച്ചിറപ്പള്ളി: തിരുച്ചിറപ്പള്ളി നാടുകാട്ടുപ്പട്ടിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. 24 മണിക്കൂര്‍ പിന്നിട്ടിട്ടും കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ലക്ഷ്യം കണ്ടില്ല.

രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ കുട്ടി കൂടുതല്‍ ആഴത്തിലേക്ക് പതിച്ചതാണ് രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണമാക്കിയത്. ആദ്യം 26 അടി താഴ്ചയിലേക്ക് പതിച്ച കുട്ടി മുകളിലേക്ക് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ 68 അടിയിലേക്ക് പതിക്കുകയായിരുന്നു. നിലവില്‍ കുഴല്‍ക്കിണറില്‍ 100 അടി താഴ്ചയിലാണ് കുട്ടിയുള്ളത്.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് പ്രദേശവാസിയായ ബ്രിട്ടോയുടെ രണ്ടരവയസുകാരന്‍ മകന്‍ സുജിത്ത് വില്‍സണ്‍ കുഴല്‍ക്കിണറിനായി എടുത്ത കുഴിയില്‍ വീണത്. ആദ്യം 25 അടി താഴ്ചയില്‍ തങ്ങിനിന്നിരുന്ന കുട്ടി പിന്നീട് എഴുപതടിയോളം താഴ്ചയിലേക്ക് പോയിരുന്നു. ഇതിനിടെ ദേശീയ ദുരന്തനിവാരണ സേനയടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയെങ്കിലും കുട്ടിയെ പുറത്തെടുക്കാനായില്ല.

കുട്ടി വീണ കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്ത് രക്ഷിക്കാനായിരുന്നു ആദ്യനീക്കം. ഇതില്‍നിന്ന് സുജിത്ത് തങ്ങിനില്‍ക്കുന്നിടത്തേക്ക് തുരങ്കം നിര്‍മിച്ച് കുട്ടിയെ പുറത്തെത്തിക്കാമെന്നായിരുന്നു കണക്കുക്കൂട്ടല്‍. എന്നാല്‍ പാറനിറഞ്ഞ പ്രദേശമായതിനാല്‍ പത്തടിയോളം കുഴിച്ചതിന് ശേഷം ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടെയാണ് കുട്ടി കൂടുതല്‍ താഴ്ചയിലേക്ക് പോയത്.

ട്യൂബ് വഴി കുട്ടിക്ക് ഓക്‌സിജന്‍ എത്തിക്കുന്നുണ്ട്. ആദ്യ സമയത്ത് കുട്ടി പ്രതികരിച്ചിരുന്നെങ്കിലും ഇന്ന് പുലര്‍ച്ചെ അഞ്ച് മണി മുതല്‍ പ്രതികരണമില്ല. കുട്ടി തളര്‍ന്നു പോയതും കാരണമാകാമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

തമിഴ്നാട് ആരോഗ്യവകുപ്പ് മന്ത്രി വിജയഭാസ്‌കര്‍, ടൂറിസം മന്ത്രി വി.നടരാജന്‍, ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വലാര്‍മതി തുടങ്ങിയവര്‍ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മന്ത്രിമാര്‍ പ്രതികരിച്ചു. ഏകദേശം അറുപതടിയോളം താഴ്ച വരെ മൈക്രോ ക്യാമറ എത്തിക്കാനായി. ഇതിലൂടെ കുട്ടിയെ നിരീക്ഷിക്കുന്നുണ്ട്. കുട്ടി ശ്വസിക്കുന്നത് മൈക്രോ ക്യാമറയിലൂടെ അറിയാനാവുന്നുണ്ടെന്നും മന്ത്രി വിജയഭാസ്‌കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുമ്പോള്‍ #SaveSujith എന്ന ഹാഷ്ടാഗ്‌സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങായിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ പലയിടത്തും കുഞ്ഞിനെ തിരികെ കിട്ടാനായി ആളുകള്‍ കൂട്ടപ്രാര്‍ത്ഥനകള്‍ സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

Exit mobile version