ആദ്യത്തെ രണ്ടര വർഷം മുഖ്യമന്ത്രിസ്ഥാനം നൽകണം; വ്യവസ്ഥ ബിജെപി എഴുതി നൽകണം; പിടിവാശിയിൽ ശിവസേന

മുംബൈ: മഹാരാഷ്ട്രയിൽ അനായാസമായി ഭരണം പിടിക്കാൻ ഇറങ്ങിയ ബിജെപിക്ക് തിരിച്ചടിയായി ശിവസേനയുടെ പിടിവാശി. ബി.ജെ.പി-ശിവസേന സഖ്യ സർക്കാർ രൂപീകരണം വൈകിപ്പിച്ചാണ് ഇരുപാർട്ടികൾക്കും ഇടയിൽ ആശയക്കുഴപ്പം ഉടലെടുത്തിരിക്കുന്നത്. രണ്ടര വർഷകാലത്തേക്ക് മുഖ്യമന്ത്രിസ്ഥാനം പങ്കുവെയ്ക്കാമെന്ന നേരത്തെയുണ്ടാക്കിയ വ്യവസ്ഥ ബിജെപി എഴുതി നൽകണമെന്നാണ് ശിവസേനയുടെ പുതിയ ആവശ്യം. ഇതിന് ശേഷം മാത്രമേ സർക്കാർ രൂപീകരണത്തിനുള്ളുവെന്നാണ് ശിവസേനയുടെ നിലപാട്.

അമിത് ഷായോ ദേവേന്ദ്ര ഫട്‌നാവിസോ മുഖ്യമന്ത്രിസ്ഥാനം രണ്ടര വർഷം പങ്കുവെക്കാമെന്ന് എഴുതി നൽകിയാൽ മാത്രമേ സഖ്യ രൂപീകരണത്തിന് ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറെ തയ്യാറാകുവെന്ന് പാർട്ടി എംഎൽഎ പ്രതാപ് സാരാനായിക് പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് അമിത് ഷാ ഫിഫ്റ്റി-ഫിഫ്റ്റി എന്ന ഫോർമുലയാണ് മുന്നോട്ട് വെച്ചത്. രണ്ടര വർഷം ശിവസേന മുഖ്യമന്ത്രിയും രണ്ടര വർഷം ബിജെപി മുഖ്യമന്ത്രിയും. ഈ ഉറപ്പ് പാലിക്കാൻ അദ്ദേഹം തയാറാവണമെന്നും ആദ്യത്തെ രണ്ടര വർഷം ശിവസേനയ്ക്ക് വിട്ടുനൽകണമെന്നും സാരാനായിക് ആവശ്യപ്പെട്ടു.

Exit mobile version