ഐഎൻഎക്‌സ് മീഡിയ കേസിൽ പി ചിദംബരത്തിന് ജാമ്യം

ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കേസിൽ മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. സിബിഐ രജിസ്റ്റർ ചെയ്ത അഴിമതി കേസിലാണ് സുപ്രീംകോടതി ചൊവ്വാഴ്ച ജാമ്യം അനുവദിച്ചത്. നിലവിൽ ഐഎൻഎക്സ് മീഡിയ കേസിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലായതിനാൽ ചിദംബരത്തിന് പുറത്തിറങ്ങാൻ സാധിച്ചേക്കില്ല.

ഐഎൻഎക്സ് മീഡിയ കേസിൽ ഓഗസ്റ്റ് 21-നാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ അഞ്ചിന് അദ്ദേഹത്തെ തിഹാർ ജയിലിലയച്ചു. ഇതിനിടെ ജാമ്യം തേടി അദ്ദേഹം ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും സാക്ഷികളെ സ്വാധീനിച്ചേക്കാമെന്ന് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

ഒക്ടോബർ 17-ന് ചിദംബരത്തെ ഡൽഹിയിലെ പ്രത്യേക കോടതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽവിട്ടിരുന്നു. കസ്റ്റഡിക്കാലത്ത് വീട്ടിലെ ഭക്ഷണം, മരുന്ന് എന്നിവയും യൂറോപ്യൻ ക്ലോസറ്റുള്ള ശൗചാലയവും അനുവദിച്ചായിരുന്നു കോടതി കസ്റ്റഡിയിൽ വിട്ടത്.

Exit mobile version