ബോളിവുഡ്-മോഡി കൂടിക്കാഴ്ച റിപ്പോർട്ടിങിന് രണ്ട് പേജ് മാറ്റിവെച്ച മാധ്യമങ്ങളോട് റാണ അയ്യൂബ്

ന്യൂഡൽഹി: ബോളിവുഡിലെ പ്രമുഖരും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും നടത്തിയ കൂടിക്കാഴ്ച കൊട്ടിഘോഷിച്ച് റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളെ വിമർശിച്ച് മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ റാണ അയ്യൂബ്. മഹാത്മാഗാന്ധിയുടെ 150ാം ജന്മവാർഷികാഘോഷവുമായി ബന്ധപ്പെട്ടാണ് ന്യൂഡൽഹിയിൽ ശനിയാഴ്ച വൈകുന്നേരം പ്രധാനമന്ത്രിയും ബോളിവുഡിലെ പ്രമുഖരും ഒരുമിച്ച് ചടങ്ങിൽ പങ്കെടുത്തത്. ഈ വാർത്ത രണ്ടു പേജുകളിലായി വലിയ പ്രാധാന്യത്തോടെയാണ് ടൈംസ് ഓഫ് ഇന്ത്യ ദിനപ്പത്രം റിപ്പോർട്ട് ചെയ്തതും. ഈ സംഭവത്തെ വാർത്തയുടെ ചിത്രമുൾപ്പടെ പങ്കുവെച്ചാണ് റാണ അയ്യൂബ് വിമർശിക്കുന്നത്.

മോഡിയും ബോളിവുഡ് താരങ്ങളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് രണ്ടു പേജുകളാണ് ടൈംസ് ഓഫ് ഇന്ത്യ സമർപ്പിച്ചിരിക്കുന്നത്. ഈ നട്ടെല്ലില്ലാത്ത ഇന്റസ്ട്രിയാണോ കശ്മീരിലെ മനുഷ്യാവകാശങ്ങൾക്കായി ഒരു നിലപാടെടുക്കുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നത്?ഇത് രാജ്യത്തിന് തന്നെ നാണക്കേടാണ് എന്നായിരുന്നു റാണ അയ്യൂബിന്റെ ട്വീറ്റ്.

മഹാത്മാഗാന്ധിയുടെ 150 ജന്മവാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ ഗാന്ധിജിയുടെ ആശയങ്ങൾ സിനിമകളിലൂടെ ജനങ്ങളിലെത്തിക്കുന്നതിനെ മോഡി പ്രശംസിച്ചിരുന്നു. ചടങ്ങിൽ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, ആമിർ ഖാൻ, ജാക്വിലിൻ ഫെർണാണ്ടസ്, സോനം കപൂർ, ബോണി കപൂർ, കങ്കണ റണാവത്ത്, രാജ് കുമാർ ഹിറാനി, എസ്പി ബാലസുബ്രഹ്മണ്യം തുടങ്ങിയ നിരവധി പ്രമുഖരാണ് മോഡിക്കൊപ്പം പങ്കെടുത്തത്.

Exit mobile version