തിരിച്ചടിച്ച് ഇന്ത്യന്‍ സേന: പാക് പട്ടാളക്കാരും ഭീകരരും കൊല്ലപ്പെട്ടതായി കരസേന മേധാവി; ജാഗ്രതയോടെ പ്രതിരോധമന്ത്രി

ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്താന്‍ ശക്തമായ മറുപടി നല്‍കി ഇന്ത്യന്‍ സേന. പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായി സ്ഥിരീകരിച്ച് കരസേന മേധാവി ബിപിന്‍ റാവത്. സൈന്യം നടത്തിയ തിരിച്ചടിയില്‍ പത്തിലധികം പാക് പട്ടാളക്കാരും ഭീകരരും കൊല്ലപ്പെട്ടതായും മൂന്ന് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഉയരാമെന്നും ഇതുസംബന്ധിച്ച കണക്കെടുപ്പ് തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഞായറാഴ്ച രാവിലെ പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. കൂടാതെ, ഒരു സാധാരണക്കാരനും മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചത്.

അതേസമയം, ഇന്ത്യ തിരിച്ചടിച്ച സാഹചര്യത്തില്‍ അതിര്‍ത്തിയിലെ സാഹചര്യം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഗൗരവത്തോടെ നിരീക്ഷിക്കുന്നുണ്ട്. കരസേനാമേധാവി ബിപിന്‍ റാവത്തുമായി രാജ്‌നാഥ് സിംഗ് ചര്‍ച്ച നടത്തി. വെടി നിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്കുണ്ടായ സാഹചര്യത്തെക്കുറിച്ചും പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് എന്ത് പ്രകോപനമാണുണ്ടായത് എന്നതിനെക്കുറിച്ചും കരസേനാമേധാവിയില്‍ നിന്ന് പ്രതിരോധമന്ത്രി റിപ്പോര്‍ട്ട് തേടി.

കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് മുതല്‍ അതിര്‍ത്തിയില്‍ തുടര്‍ച്ചയായ പ്രകോപനമാണ് നടക്കുന്നത്. കശ്മീരിലെ സമാധാനവും ഐക്യവും തകര്‍ക്കാനായി ഭീകരരുടെയും ചില ഏജന്‍സികളുടെയും നിര്‍ദേശമനുസരിച്ച് ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തിനകത്തുള്ളവും പുറത്തുള്ളവരും അതിലുണ്ട്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ സാധാരണനിലയിലേക്ക് മടങ്ങുമ്പോള്‍ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് അവരുടെ ശ്രമം.

Exit mobile version