പ്രധാനമന്ത്രിയുടെ തുര്‍ക്കി സന്ദര്‍ശനം റദ്ദാക്കി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ തുര്‍ക്കി സന്ദര്‍ശനം വേണ്ടെന്ന് വെച്ചു. ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ തുര്‍ക്കി പ്രസിഡന്റ് ഐക്യരാഷ്ട്ര പൊതുസഭയില്‍ വിമര്‍ശിച്ചിരുന്നു.ഇതില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് മോഡിയുടെ തുര്‍ക്കി സന്ദര്‍ശനം റദ്ദാക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ മാസമാണ് ഐക്യരാഷ്ട്ര പൊതുസഭയില്‍ കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിച്ചുകൊണ്ട് തുര്‍ക്കി പ്രസിഡന്റ് ഉറുദുഗാന്‍ പ്രസംഗം നടത്തിയത്. പാകിസ്താനെ പിന്തുണച്ച തുര്‍ക്കി പ്രസിഡന്റ്, ”നീതിയുടെയും സമത്വത്തിന്റെയും അടിസ്ഥാനത്തിലുള്ള സംഭാഷണത്തിലൂടെയാണ്, അല്ലാതെ ഏറ്റുമുട്ടലിലൂടെയല്ല പ്രശ്‌നം പരിഹരിക്കേണ്ടത്” എന്ന് പറഞ്ഞിരുന്നു.

ഈ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ അതൃപ്തി പ്രകടമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് തുര്‍ക്കി യാത്ര റദ്ദാക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയുടെ ആഭ്യന്തര വിഷയമായ കാശ്മീരിനെ കുറിച്ചുള്ള തുര്‍ക്കിയുടെ പ്രസ്താവനകള്‍ ഇന്ത്യ കാര്യമാക്കുന്നില്ലെന്നായിരുന്നു ഐക്യരാഷ്ട്ര പൊതുസഭയില്‍ കാശ്മീരിനെക്കുറിച്ചുള്ള തുര്‍ക്കിയുടെ പ്രസ്താവനകള്‍ക്ക് മറുപടിയായി വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാറിന്റെ പ്രതികരണം.

Exit mobile version