21കാരിയെ വീട്ടില്‍ക്കയറി കൊലപ്പെടുത്താന്‍ ശ്രമിച്ചു, ശേഷം 15കാരന്‍ ഫ്‌ളാറ്റിന്റെ എട്ടാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ 21കാരിയെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: യുവതിയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ശേഷം 15കാരന്‍ ഫ്‌ളാറ്റിന്റെ എട്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് ചാടി ജീവനൊടുക്കി. നോയിഡയില്‍ വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ 21കാരിയെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു.

നോയിഡയിലെ സെക്ടര്‍ 61 ലെ രണ്ട് ടവറുകളിലായാണ് ബിടെക് വിദ്യാര്‍ത്ഥിയായ യുവതിയും 15 വയസുകാരനും താമസിച്ചിരുന്നത്. വൈകിട്ട് തന്റെ ഫ്‌ളാറ്റില്‍ എത്തിയ ആണ്‍കുട്ടി അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയെടുത്ത് തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു. കുത്തിയ ശേഷം തന്നെ മുറിയില്‍ പൂട്ടിയിട്ടെന്നും തന്റെ കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ എത്തിയതോടെ 15കാരന്‍ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പോലീസാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ആണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. സംഭവത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ലെന്നും പ്രാഥമികാന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

Exit mobile version