അന്താരാഷ്ട്രവേദിയിൽ പാകിസ്താനെതിരെ ശശി തരൂർ

ന്യൂഡൽഹി: വീണ്ടും അന്താരാഷ്ട്ര വേദിയിൽ ജമ്മു കശ്മീർ വിഷയം ഉന്നയിച്ച് പാകിസ്താനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് എംപി ശശി തരൂർ. പാകിസ്താന്റെ നടപടി വൈരുദ്ധ്യം നിറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. അതിർത്തി കടന്നുള്ള എണ്ണിയാലൊടുങ്ങാത്ത ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദിയായ രാജ്യം കാശ്മീരികളുടെ രക്ഷകരെന്ന വ്യാജവേഷം കെട്ടുകയാണെന്ന് തരൂർ കുറ്റപ്പെടുത്തി.

സെർബിയയിൽ നടന്ന യുഎൻ അഫയേഴ്സിന്റെ ഇന്റർപാർലമെന്ററി യൂണിയൻ സ്റ്റാൻഡിങ് കമ്മറ്റി സമ്മേളന വേദിയിലായിരുന്നു പാകിസ്താനെതിരെ തരൂർ കടുത്ത ആക്ഷേപം ചൊരിഞ്ഞത്. തരൂർ ഉൾപ്പെട്ട ഇന്ത്യൻ സംഘത്തെ ലോക്സഭാ സ്പീക്കർ ഓം ബിർളയാണ് നയിച്ചത്. കനിമൊഴി, രാംകുമാർ വർമ, സംബിത് പത്ര തുടങ്ങിയ എംപിമാരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ.

ജമ്മുകാശ്മീരിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഡിസംബറിൽ എപിഎ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാനാകില്ലെന്ന് പാകിസ്താൻ ഇന്റർ പാർലമെന്ററി യൂണിയനിൽ പ്രസ്താവിച്ചിരുന്നു. പാകിസ്താന്റേത് അധിക്ഷേപപരമായ ആരോപണം ഉന്നയിക്കലാണ്. ഞങ്ങൾ ഞങ്ങളുടെ പോരാട്ടങ്ങൾ ജനാധിപത്യരീതിയിൽ നടത്തിക്കോളാം. അതിർത്തി കടന്നുള്ള ഇടപെടൽ ആവശ്യവുമില്ല, സ്വാഗതം ചെയ്യുന്നുമില്ലെന്നും തരൂർ അറിയിച്ചു.

ആർട്ടിക്കിൾ 370 റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് പാകിസ്താൻ നടത്തിയത് പരുഷമായ പൊട്ടിത്തെറിക്കലാണെന്ന് വിമർശിച്ച തരൂർ ജമ്മു കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ആവർത്തിച്ചു. പാകിസ്താൻ സംഘത്തിന്റെ പരാമർശങ്ങൾ വേദിയെ ദുരുപയോഗം ചെയ്യലാണെന്നും തരൂർ ആരോപിച്ചു.

Exit mobile version