അയോധ്യ: റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് എന്‍ബിഎസ്എ

ബുധനാഴ്ചയാണ് അയോധ്യക്കേസില് സുപ്രീം കോടതി വാദം കേള്‍ക്കല്‍ അവസാനിപ്പിച്ചത്

ന്യൂഡല്‍ഹി: അയോധ്യകേസില്‍ വാദം പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ അയോധ്യകേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് മാധ്യമങ്ങള്‍ക്ക് പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ന്യൂസ് ബ്രോഡ് കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി(എന്‍ബിഎസ്എ)യാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
വിധിയെ തുടര്‍ന്ന് ഉണ്ടാകാന്‍ സാധ്യതയുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ടിംഗ് സംബന്ധിച്ച് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

എന്‍ബിഎസ്എ പുറപ്പെടുവിച്ചിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍

1. കേസില്‍ വിധി പ്രസ്താവിക്കുന്നതിന് മുമ്പ് സെന്‍സേഷണലും പ്രശ്‌നങ്ങളുണ്ടാക്കുന്നതുമായ തരത്തില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യരുത്. കോടതി നടപടികളെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത്.

2. കൃത്യവും വസ്തുതാപരവുമായ റിപ്പോര്‍ട്ടാണ് കേസ് സംബന്ധിച്ച് നല്‍കുന്നതെന്ന് റിപ്പോര്‍ട്ടറും എഡിറ്ററും ഉറപ്പ് വരുത്തണം. സുപ്രീം കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യരുത്. വാദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ വസ്തുത ഉറപ്പുവരുത്തണം.

3. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും പ്രസിദ്ധീകരിക്കുമ്പോഴും പള്ളി പൊളിക്കുന്ന ചിത്രങ്ങള്‍/ദൃശ്യങ്ങള്‍ എന്നിവ നല്‍കരുത്.

4. വിധി പ്രസ്താവത്തിന് ശേഷം ഉണ്ടാകാന്‍ സാധ്യതയുള്ള ആഘോഷങ്ങളുടെ ചിത്രങ്ങള്‍/ ദൃശ്യങ്ങള്‍ എന്നിവ പ്രചരിപ്പിക്കരുത്.

5. ചര്‍ച്ചകളിലെ തീവ്രമായ നിലപാടുകള്‍ സംപ്രേക്ഷണം ചെയ്യരുത്. തുടങ്ങിയവയാണ് മാര്‍ഗനിര്‍ദേശങ്ങള്‍.

ബുധനാഴ്ചയാണ് അയോധ്യക്കേസില് സുപ്രീം കോടതി വാദം കേള്‍ക്കല്‍ അവസാനിപ്പിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന് ഗൊഗോയി വിരമിക്കും മുമ്പ് വിധി പറയുമെന്നാണ് സൂചന.

Exit mobile version