ശുദ്ധവായു കുറവ്; രാജ്യതലസ്ഥാനത്തെ ശ്വാസം മുട്ടിച്ച് അന്തരീക്ഷ വായുമലിനീകരണം രൂക്ഷം

ഡല്‍ഹിക്ക് പുറമേ ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ അതി ശക്തമായാണ് വായുമലിനീകരണം രേഖപ്പെടുത്തിയത്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ശുദ്ധവായു ലഭ്യതയില്‍ വന്‍ കുറവും വായു മലിനീകരണം അതിരൂക്ഷമാണെന്നും കണ്ടെത്തി. ഡല്‍ഹിക്ക് പുറമേ ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ അതി ശക്തമായാണ് വായുമലിനീകരണം രേഖപ്പെടുത്തിയത്.

അന്തരീക്ഷ വായുവിന്റെ ശുദ്ധത അളക്കുന്ന എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് പ്രകാരമുള്ള കണക്കുകളിലാണ് അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വ്യക്തമാക്കിയത്. ഡല്‍ഹിയില്‍ 37 എയര്‍ ക്വാളിറ്റി മോണിറ്ററിങ് സേ്റ്റഷനുകളില്‍ 17 സ്ഥലങ്ങളിലും വായു അതിശക്തമായി മലിനമായിട്ടുണ്ടെന്ന് കണ്ടെത്തി.

ഡല്‍ഹിയിലും സമീപ പ്രദേശങ്ങളില്‍ കൃഷിക്ക് ശേഷം ബാക്കി വന്ന വൈക്കോല്‍ കൂനകളും മറ്റും തീയിട്ട് നശിപ്പിക്കുന്നത് വ്യാപകമായതോടെയാണ് അന്തരീക്ഷ മലിനീകരണം രൂക്ഷമായതെന്ന് അധികൃതര്‍ വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിങ് റിസര്‍ച്ച് പുറത്തിറക്കിയ നോട്ടീസിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഡല്‍ഹിയുടെ അടുത്ത സ്ഥലങ്ങളില്‍ വന്‍ തോതില്‍ വൈക്കോല്‍ കൂനകള്‍ കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നാസ പുറത്തുവിട്ടിരുന്നു. നാസ പുറത്ത് വിട്ട ദൃശ്യങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ പങ്കുവെച്ചു.

Exit mobile version