സാമ്പത്തിക പ്രതിസന്ധി രൂക്ഷം; 25000 ത്തോളം ഹോം ഗാര്‍ഡുകളെ പിരിച്ചുവിടാന്‍ ഒരുങ്ങി യുപി സര്‍ക്കാര്‍

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷന്‍, ട്രാഫിക് സിഗ്നലുകള്‍, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഹോം ഗാര്‍ഡുകളെ വിന്യസിപ്പിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം

ലക്‌നൗ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത് കാരണം 25000 ത്തോളം ഹോം ഗാര്‍ഡുകളെ പിരിച്ചുവിടാന്‍ ഒരുങ്ങി യുപി സര്‍ക്കാര്‍. സാമ്പത്തിക പ്രതിസന്ധി കാരണം സുപ്രീംകോടതി പുതുക്കി നിശ്ചയിച്ച അലവന്‍സ് തുക നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്.

ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി അടക്കം പങ്കെടുത്ത യോഗത്തിലാണ് ഹോം ഗാര്‍ഡുകളെ പിരിച്ചുവിടാനുള്ള തീരുമാനം എടുത്തത്. സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് പ്രകാരം 500 രൂപയായിരുന്ന ദിവസ വേതനം 672 രൂപയാക്കി ഉയര്‍ത്തിയിരുന്നു. ഇത് സര്‍ക്കാറിന് ഒരു മാസം പന്ത്രണ്ട് കോടിയോളം അധികചെലവാണെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷന്‍, ട്രാഫിക് സിഗ്നലുകള്‍, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഹോം ഗാര്‍ഡുകളെ വിന്യസിപ്പിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം താല്‍ക്കാലിക ജീവനക്കാരായി ദിവസവേതന അടിസ്ഥാനത്തില്‍ എടുത്ത ഹോം ഗാര്‍ഡുകളെ ദീപാവലി അടുത്ത സാഹചര്യത്തില്‍ പിരിച്ചുവിടാന്‍ ഒരുങ്ങുന്നത് വിവാദമായിട്ടുണ്ട്.

Exit mobile version