അയോധ്യയിലെ വാദപ്രതിവാദങ്ങൾ ഇന്ന് അവസാനിക്കും

ന്യൂഡൽഹി: അയോധ്യ കേസിലെ വാദം ഇന്ന് അവസാനിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. കേസിൽ ഇനി കൂടുതൽ ഇടപെടൽ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ ദിവസം തന്നെ ഈ ദിവസമായിരിക്കും വാദം അവസാനിക്കുക എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് ഓഗസ്റ്റ് ആറിന് തുടങ്ങിയ വാദം കേൾക്കൽ ഇന്ന് നാൽപതാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇതിനിടെ തർക്കത്തിലെ മധ്യസ്ഥ സമിതി റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

മൂന്ന് കക്ഷികൾക്കും 45 മിനിറ്റ് വീതം ആകും നൽകുകയെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഒക്ടോബർ പതിനേഴിന് വാദം അവസാനിപ്പിക്കാൻ ആയിരുന്നു കോടതി നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ ഒരു ദിവസം നേരത്തെ തീർക്കാൻ കക്ഷികളോട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.

ക്രമമനുസരിച്ച് സുന്നി വഖഫ് ബോർഡിന് ഒരു മണിക്കൂറും, രാമ ജന്മഭൂമി ന്യാസ് ഉൾപ്പെടെ മറ്റ് കക്ഷികൾക്ക് മുക്കാൽ മണിക്കൂർ വീതവും അന്തിമ വാദത്തിനായി ഇന്ന് സമയം ലഭിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അടുത്തമാസം പതിനേഴിന് വിരമിക്കുന്നതിനാൽ ഇതിന് മുമ്പായി കേസിൽ വിധിയുണ്ടാകും. ഈ പശ്ചാത്തലത്തിൽ ബ്രസീൽ, കെയ്‌റോ എന്നിവിടങ്ങളിലേക്കുള്ള യാത്രയും ചീഫ് ജസ്റ്റിസ് റദ്ദാക്കിയിട്ടുണ്ട്. ശബരിമല വിധിയും ചീഫ് ജസ്റ്റിസിന്റെ കീഴിൽ പരിഗണനയിലുണ്ട്.

Exit mobile version