കാശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക്; രണ്ട് മാസമായി അടച്ചിട്ടിരുന്ന എന്‍ഐടി തുറന്നു

കാശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലായതിനെ തുടര്‍ന്നാണ് എന്‍ഐടി തുറക്കാന്‍ തീരുമാനിച്ചത്.

ശ്രീനഗര്‍: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം കഴിഞ്ഞ രണ്ട് മാസമായി അടച്ചിട്ടിരിക്കുന്ന എന്‍ഐടി ( നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി )ചൊവ്വാഴ്ച തുറന്നു. കാശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലായതിനെ തുടര്‍ന്നാണ് എന്‍ഐടി തുറക്കാന്‍ തീരുമാനിച്ചത്.

ജമ്മു കാശ്മീരിലെ മുഴുവന്‍ സ്‌കൂളുകളും കോളേജുകളുമുള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നേരത്തെ തന്നെ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയായാണ് എന്‍ഐടിയും തുറക്കാന്‍ തീരുമാനിച്ചത്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എന്‍ഐടി അടച്ചത്. കൂടാതെ വിദ്യാര്‍ത്ഥികളോട് വീടുകളിലേക്ക് മടങ്ങിപ്പോകാനും അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു.

കാശ്മീരില്‍ ജനജീവിതം നിലവില്‍ സാധാരണ നിലയിലാണ്. പ്രദേശത്തെ പോസ്റ്റ് പെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ കഴിഞ്ഞ ദിവസം പുനഃസ്ഥാപിച്ചു. കൂടാതെ പ്രദേശത്ത് വിനോദ സഞ്ചാരത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു.

Exit mobile version