ഷി ജിന്‍പിങ് മഹാബലിപുരത്തെത്തി: തമിഴ് സ്‌റ്റൈലില്‍ വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച് സ്വീകരിച്ച് പ്രധാനമന്ത്രി

ചെന്നൈ: ഇന്ത്യാ – ചൈന അനൗപചാരിക ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് തമിഴ്‌നാട്ടിലെത്തി. ഷി ജിന്‍പിങ്ങിനെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മഹാബലിപുരത്തെത്തിയത് പതിവ് സ്റ്റൈലില്‍ നിന്നും മാറി വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ചാണ്. തമിഴ് സ്‌റ്റൈലില്‍ വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച് തോളില്‍ ഷാളുമിട്ടാണ് മോഡി ഷി ജിന്‍ പിങ്ങിനെ സ്വീകരിച്ചത്. വസ്ത്രധാരണത്തില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന മോഡി നേരത്തെ കേരളത്തില്‍ വന്നപ്പോള്‍ കേരളാ മാതൃകയില്‍ മുണ്ടുടുത്തിരുന്നു.

മഹാബലിപുരത്തെ ചരിത്ര സ്മാരകങ്ങളും അര്‍ജുന ഗുഹയും ക്ഷേത്രങ്ങളും ഇരു നേതാക്കളും സന്ദര്‍ശിച്ചു. ചെന്നൈയിലെത്തിയെ ഷി ചിന്‍പിങിനെ തമിഴിലും ചൈനീസ് ഭാഷയിലും സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.

ചെന്നൈ വിമാനത്താവളത്തില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. അവിടെനിന്ന് ഉച്ചകോടി നടക്കുന്ന മഹാബലിപുരത്തേക്ക് അദ്ദേഹം പോയി. മഹാബലിപുരത്തെ താജ് കടലോര ഹോട്ടലിലാണ് ഷി ജിന്‍പിങ് താമസിക്കുക. നാളെ ഉച്ചകോടി നടക്കുന്നതും അതേ ഹോട്ടലില്‍ തന്നെയാണ്. ഇന്ന് രാവിലെ മഹാബലിപുരത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഹോട്ടലില്‍ തങ്ങിയ ശേഷമാണ് വൈകിട്ട് മഹാബലിപുരത്തെ അര്‍ജുനശിലയ്ക്കു മുമ്പില്‍ വച്ച് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയത്.

ഷീ ജിന്‍പിങിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് പതിനായിരം സുരക്ഷാ ഭടന്മാരെ വിന്യസിച്ചതിനൊപ്പം 500 സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പത്ത് ജില്ലകളില്‍ നിന്നുള്ള പോലീസുകാര്‍ ഇതിനകം സുരക്ഷാ ചുമതലകള്‍ ഏറ്റെടുത്തു. ഒമ്പത് ഐഎഎസ് ഉദ്യോഗസ്ഥരുടെയും 34 മുതിര്‍ന്ന പ്രത്യേക ഉദ്യോഗസ്ഥരുടെയും മേല്‍നോട്ടത്തിലാണ് ക്രമീകരണം. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി കെ. ഷണ്മുഖം കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ അഞ്ചാം നമ്പര്‍ ഗേറ്റില്‍ തുടങ്ങി മാമല്ലപുരത്തെ കടല്‍ത്തീരത്തുള്ള ക്ഷേത്രം വരെ മുപ്പത്തിനാല് ഇടങ്ങളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും സീ ജിന്‍പിങ്ങിനും സ്വീകരണം ഒരുക്കിയിട്ടുള്ളത്. മാമല്ലപുരത്ത് കോസ്റ്റ്ഗാര്‍ഡിന്റെ കപ്പലും നിരീക്ഷണത്തിനുണ്ട്. മോഡിയും ഷീയും സന്ദര്‍ശനം നടത്തുന്ന വേദിയിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല സംസ്ഥാന പോലീസിന്റെ പ്രത്യേക ബറ്റാലിയനും ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പ്രധാനമന്ത്രിയുടെ എസ്പിജി സംഘത്തിനുമാണ്.

ചൈനീസ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് സുരക്ഷാ പരിശോധനകള്‍ നടത്തി. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുമായി ചര്‍ച്ച നടത്തി. കടലോര ഗ്രാമമായ മാമല്ലപുരത്ത് ഇരു രാജ്യത്തലവന്മാര്‍ക്കും വന്‍ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. ഉഭയകക്ഷി സമ്മേളനത്തെ സ്വാഗതം ചെയ്ത്, ബുധനാഴ്ച ഇവിടെ നിരവധി സ്‌കൂള്‍ വിദ്യാര്‍ഥികളെ അണിനിരത്തി ദേശീയ സംയോജന റാലിയും സംഘടിപ്പിച്ചിരുന്നു.


യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്ള സ്ഥലവും 1,200 മുതല്‍ 1,300 വര്‍ഷം വരെ പഴക്കമുള്ള ചരിത്ര പ്രാധാന്യമുള്ള നഗരമാണ് മഹാബലിപുരം. ഇപ്പോള്‍ അറിയപ്പെടുന്ന മാമല്ലപുരം. പല്ലവ രാജാക്കന്മാരുടെ ഭരണകാലത്താണ് ഈ തുറമുഖ നഗരം നിര്‍മിക്കപ്പെട്ടത്. ചൈനയുമായി നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് വ്യാപാരബന്ധം നടന്നത് ഈ തുറമുഖം വഴിയായിരുന്നു. ഇത് തെളിയിക്കുന്ന പുരാവസ്തു തെളിവുകള്‍ ഇവിടെ നിന്ന് കണ്ടെടുത്തിട്ടുമുണ്ട്.

Exit mobile version