ആഗോള മാന്ദ്യം ആഘാതമുണ്ടാക്കും; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഐഎംഎഫ് മേധാവി

വാഷിങ്ടൺ:ആഗോള തലത്തിലെ സാമ്പത്തിക മാന്ദ്യം ഇന്ത്യ ഉൾപ്പടെയുള്ള വളർന്നുവരുന്ന രാജ്യങ്ങൾക്ക് തിരിച്ചടിയാകുമെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജിവ. ആഗോള സാമ്പത്തിക മാന്ദ്യത്തിന് മുഖ്യകാരണം അമേരിക്കയും ചൈനയുമാണെന്നും അവർ കുറ്റപ്പെടുത്തി. അമേരിക്ക- ചൈന വ്യാപാര യുദ്ധം എല്ലാവർക്കും നഷ്ടങ്ങൾ മാത്രമേ വരുത്തിവെക്കൂവെന്ന് അവർ മുന്നറിയിപ്പ് നൽകി.

വ്യാപാര യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയിൽ 70,000 കോടി ഡോളറിന്റെ നഷ്ടമാണ് വരുന്ന വർഷം ഉണ്ടാക്കുകയെന്നും ആഗോള ജിഡിപിയുടെ 0.8 ശതമാനം വരും ഇതെന്നും അവർ പറഞ്ഞു. വ്യാപാര യുദ്ധം മാത്രമല്ല ആഗോള മാന്ദ്യത്തിന് കാരണമെങ്കിലും അതിന്റെ പ്രത്യാഘാതം വളരെനാൾ നീണ്ടുനിൽക്കുന്നത് ആയിരിക്കുമെന്നും ക്രിസ്റ്റലീന ചൂണ്ടിക്കാട്ടി.

ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളെപ്പോലെയുള്ള വളർന്നുവരുന്ന വിപണികളെ വ്യാപാര യുദ്ധം സാരമായി ബാധിക്കും. അമേരിക്കയിലും ജർമ്മനിയിലും തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. എന്നിരുന്നാലും വൻ സമ്പദ് വ്യവസ്ഥകളിൽ, പ്രത്യേകിച്ച് അമേരിക്ക, ജപ്പാൻ, യൂറോപ്പ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ സമ്പദ് വ്യവസ്ഥ ദുർബലമാണ്.

വളരുന്ന വലിയ വിപണികളായ ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ സാമ്പത്തിക മാന്ദ്യം പ്രകടമാണ്- അവർ പറഞ്ഞു. ലോക സമ്പദ്വ്യസ്ഥ മാന്ദ്യത്തിന്റെ വക്കിലാണെന്നും ക്രിസ്റ്റലീന വ്യക്തമാക്കി. ആഗോള സാമ്പത്തിക വളർച്ച ഇത്തവണ 90 ശതമാനത്തോളം കുറയുമെന്നും അവർ പറഞ്ഞു.

Exit mobile version