പൊതുവേദിയില്‍ വെച്ച് ബിഗ് ബോസ് താരങ്ങളുടെ വിവാഹാഭ്യര്‍ത്ഥന; വിവാദമായതോടെ കേസ് എടുക്കാന്‍ ഒരുങ്ങി പോലീസ്

കന്നട ബിഗ് ബോസ് സീസണ്‍ അഞ്ചിലെ മത്സരാര്‍ത്ഥിയായ ഗായകന്‍ ചന്ദന്‍ ഷെട്ടിയാണ് സഹതാരമായ നിവേദിത ഗൗഡയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്

ബംഗളൂരു: പൊതുവേദിയില്‍ വെച്ച് വിവാഹാഭ്യര്‍ത്ഥന നടത്തി ബിഗ് ബോസ് താരങ്ങള്‍. കന്നട ബിഗ് ബോസ് സീസണ്‍ അഞ്ചിലെ മത്സരാര്‍ത്ഥിയായ ഗായകന്‍ ചന്ദന്‍ ഷെട്ടിയാണ് സഹതാരമായ നിവേദിത ഗൗഡയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. നിവേദിതയും ഈ ഷോയിലെ മത്സരാര്‍ത്ഥി ആയിരുന്നു. എന്നാല്‍ ഈ വിവാഹാഭ്യര്‍ത്ഥന ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.

യുവ ദര്‍ശന പരിപാടിക്കിടെ തങ്ങളുടെ പ്രകടനം കഴിഞ്ഞതിന് ശേഷമാണ് ചന്ദന്‍ നിവേദിതയ്ക്ക് മുന്നില്‍ മുട്ടുകുത്തി നിന്ന് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. എന്നാല്‍ ചന്ദന് പ്രണയാഭ്യര്‍ത്ഥന നടത്താനുള്ള ഇടമല്ല ഈ വേദി എന്നാണ് മന്ത്രി വി സോമണ്ണ ഇതിനെ കുറിച്ച് പ്രതികരിച്ചത്. പോലീസിനോട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം ഇരുവരും വേദിയെ ദുരുപയോഗം ചെയ്‌തെന്ന് കാണിച്ച് മൂന്ന് സ്വകാര്യ പരാതികളും സംഭവത്തില്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതുവരെ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കേസ് എടുക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് പോലീസ് എന്നാണ് റിപ്പോര്‍ട്ട്.

Exit mobile version