ആരേ കോളനിയിൽ കനത്ത കാവൽ ഏർപ്പെടുത്തി പോലീസ്; മരം മുറി തുടരുന്നു

അഞ്ച് ലക്ഷത്തോളം മരങ്ങളുള്ള ആരേ കോളനി നഗരത്തിന്റെ 'ശ്വാസകോശ'മെന്നാണ് അറിയപ്പെടുന്നത്.

മുംബൈ: പരിസ്ഥിതിവാദികളുടേയും നാട്ടുകാരുടേയും എതിർപ്പിനിടയിലും മുംബൈ നഗരമധ്യത്തിലെ ആരേ കോളനിയിൽ മരം മുറിക്കൽ തുടരുന്നു. മെട്രോ കാർ ഷെഡ് നിർമ്മാണത്തിനായാണ് നഗരമധ്യത്തിലെ ആരേ കോളനിയിൽ മരം മുറിക്കൽ. സംസ്ഥാന-കേന്ദ്ര സർക്കാർ അനുമതി നൽകിയ 2700 മരങ്ങളിൽ ഭൂരിഭാഗവും ഇതിനോടകം നീക്കിയതായാണ് വിവരം. മരം മുറിക്കുന്നത് തടഞ്ഞതിന് 29 വിദ്യാർത്ഥികളെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തതോടെ പ്രതിഷേധിക്കാൻ പോലും ഭയത്തിലാണ് നാട്ടുകാർ. ആരേയിലേക്കുള്ള നാലു വഴികളും അടച്ചിരിക്കുകയാണ്. സ്ഥലത്ത് 144 പ്രഖ്യാപിക്കുകയും 38 ഓളം പേർക്ക് എതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

പ്രതിഷേധക്കാരും അറസ്റ്റിലായവരുടെ ബന്ധുക്കളും ഇന്ന് വാർത്താ സമ്മേളനം നടത്തുമെന്നാണ് വിവരം. അഞ്ച് ലക്ഷത്തോളം മരങ്ങളുള്ള ആരേ കോളനി നഗരത്തിന്റെ ‘ശ്വാസകോശ’മെന്നാണ് അറിയപ്പെടുന്നത്. ആരേ വനമല്ലെന്ന് പറഞ്ഞ് മരങ്ങൾ മുറിക്കുന്നതിന് എതിരെ നൽകിയ ഹരജികൾ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു.

ബിജെപി സർക്കാറിന്റെ സ്വപ്നപദ്ധതിയാണ് മെട്രോ റെയിൽ ആസ്ഥാനം. ശിവസേന ഭരിക്കുന്ന മുംബൈ നഗരസഭയുൾപ്പടെ ആരേ കോളനിയിലെ മരംമുറിക്ക് അനുമതി നൽകിയിട്ടുണ്ട്.

Exit mobile version