രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിന്‍ തേജസ് എക്സ്പ്രസ് സര്‍വീസ് ആരംഭിച്ചു; യാത്രക്കാര്‍ക്ക് 25 ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സും വൈകിയാല്‍ 250 രൂപയും

ലഖ്‌നൗ: രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ആദ്യ സ്വകാര്യ ട്രെയിനായ തേജസ് എക്‌സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്തത്.
ലഖ്‌നൗവില്‍ നിന്ന് ഡല്‍ഹിയിലേക്കാണ് ‘തേജസ് എക്‌സ്പ്രസ്’ സര്‍വീസ് നടത്തുന്നത്. ഐആര്‍സിടിസിയുടെ (ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) മേല്‍നോട്ടത്തിലാണ് സ്വകാര്യ ട്രെയിന്‍ സര്‍വീസ്.

മറ്റു നഗരങ്ങളെ കൂടി ബന്ധിപ്പിക്കുന്ന സംരംഭങ്ങള്‍ ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് യോഗി പറഞ്ഞു. തേജസ് എക്‌സ്പ്രസിലെ ആദ്യ യാത്രക്കാര്‍ക്ക് യോഗി ആശംസകള്‍ നേര്‍ന്നു.

വാണിജ്യാടിസ്ഥാനത്തില്‍ തേജസ് എക്പ്രസസിന്റെ ആദ്യ യാത്ര ശനിയാഴ്ച തുടങ്ങും. രാവിലെ 6.10ന് ലഖ്‌നൗവില്‍ നിന്നും പുറപ്പെട്ട് 12.25ന് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ എത്തും. 6 മണിക്കൂറും 15 മിനിറ്റുമെടുത്താണ് ഈ ട്രെയിന്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. 3.35ന് ഡല്‍ഹിയില്‍ നിന്ന് മടങ്ങി രാത്രി 10.05ന് ലഖ്നൗവില്‍ തിരിച്ചെത്തുന്ന വിധമാണ് സ്വകാര്യ തീവണ്ടിയുടെസമയക്രമം. യാത്രയ്ക്കിടയില്‍ ആകെ കാണ്‍പൂരിലും ഗാസിയാബാദിലുമാണ് വണ്ടിക്ക് സ്റ്റോപ്പുള്ളത്.

മികച്ച നിലവാരത്തിലുള്ള കോച്ചുകള്‍ക്കൊപ്പം സിസിടിവി ക്യാമറ, ബയോ ടോയ്ലെറ്റ്, എല്‍ഇഡി ടിവി, ഓട്ടോമാറ്റിക് ഡോര്‍, റീഡിങ് ലൈറ്റ്, പ്രത്യേക മൊബൈല്‍ ചാര്‍ജിങ് പോയന്റ് തുടങ്ങി യാത്രക്കാര്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുന്ന നിരവധി നൂതന സംവിധാനങ്ങള്‍ തേജസിലുണ്ട്. ചായ, കോഫി മെഷീനുകളും തീവണ്ടിക്കുള്ളിലുണ്ട്. വിമാന യാത്രയ്ക്ക് സമാനമായ രീതിയില്‍ ജോലിക്കാര്‍ യാത്രക്കാര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കും.

758 യാത്രക്കാര്‍ക്ക് തീവണ്ടിയില്‍ യാത്രചെയ്യാം. യാത്രക്കാര്‍ക്ക് 25 ലക്ഷം രൂപയുടെ വരെ സൗജന്യ ഇന്‍ഷുറന്‍സും ലഭിക്കും. ഒരു മണിക്കൂറിലേറെ തീവണ്ടി വൈകിയാല്‍ യാത്രക്കാര്‍ക്ക് ഐആര്‍സിടിസി 100 രൂപ നല്‍കും. രണ്ട് മണിക്കൂറിന് മുകളില്‍ വൈകിയാല്‍ 250 രൂപ വരെയും ലഭിക്കും.

എസി ചെയറിന് 1125 രൂപയും എക്സിക്യൂട്ടീവ് ചെയറിന് 2310 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സൗജന്യ പാസുകളോ നിരക്കിളവോ തീവണ്ടിയില്‍ അനുവദിക്കില്ല. വണ്ടി പുറപ്പെടുന്നതിന് നാലുമണിക്കൂര്‍ മുമ്പുവരെ ടിക്കറ്റ് റദ്ദാക്കിയാല്‍ 25 രൂപ മാത്രമേ കുറയ്ക്കുകയുള്ളൂ. വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റ് റദ്ദാക്കിയാല്‍ മുഴുവന്‍ സംഖ്യയും തിരികെ ലഭിക്കും. ആര്‍എസി. ടിക്കറ്റ് ആണെങ്കില്‍ വണ്ടി പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് റദ്ദാക്കിയാല്‍ മുഴുവന്‍ പണവും തിരികെ ലഭിക്കും.

Exit mobile version