അമിത് ഷാ മറുപടി പറയൂ, വസതിയിലേക്ക് മാർച്ച്

ബൈക്ക് പാർക്ക് ചെയ്തതിനെ ചൊല്ലി വാക്കു തർക്കമുണ്ടായപ്പോൾ തന്റെ മകനോടവർ പേരു ചോദിച്ചെന്നും

ന്യൂഡൽഹി: സംഘപരിവാരിന്റെ വിദ്വേഷത്തിന് ഇരയായ യുവാക്കളുടെ അമ്മമാർ നീതി തേടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിലേക്ക് മാർച്ച് നടത്തും. വിദ്വേഷ കൊലയ്ക്ക് ഇരയായ തങ്ങളുടെ ഉറ്റവർക്ക് നീതി ചോദിച്ചാണ് ഈ മൂന്നു വനിതകൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തുന്നത്.

ബുലന്ദ്ഷഹറിൽ ഹിന്ദുത്വ കലാപകാരികൾ കൊലപ്പെടുത്തിയ പോലീസ് ഇൻസ്‌പെക്ടർ സുബോധ് സിങിന്റെ ഭാര്യ രജനി സിങ്, എബിവിപി അക്രമത്തിൽ ജെഎൻയുവിൽ കാണാതായ നജീബിന്റെ മാതാവ് ഫാത്തിമ നഫീസ്, പേര് കേട്ട് മുസ്ലിമാണെന്ന് കരുതി ഡൽഹിയിൽ തല്ലിക്കൊന്ന സാഹിലിന്റെ മാതാവ് സംഗീത സിങ് എന്നിവരാണ് ഒക്‌ടോബർ 15ന് ആഭ്യന്തര മന്ത്രിയുടെ വീട്ടുപടിക്കലേക്ക് മാർച്ച് നടത്തുമെന്ന് അറിയിച്ചിരിക്കുന്നത്.

”അമിത് ഷാ മറുപടി പറയൂ” എന്ന പേരിൽ യുനൈറ്റഡ് എഗൻസ്റ്റ് ഹെയ്റ്റാണ് മാർച്ച് സംഘടിപ്പിക്കുന്നത്. ഭർത്താവിനെ കൊന്ന ക്രിമിനലിനെ നേതാവാക്കി വളർത്താനുള്ള ബിജെപി ശ്രമം ജീവനുള്ളിടത്തോളം സമ്മതിക്കില്ലെന്ന് ബുലന്ദ്ഷഹറിൽ കലാപത്തിനിടെ കൊല്ലപ്പെട്ട സുബോധ് സിങ്ങിന്റെ വിധവ രജ്‌നി സിങ് പറഞ്ഞു. സിങ്ങിനെ കൊലപ്പെടുത്തിയ പ്രധാന പ്രതികളെ ജാമ്യത്തിലിറക്കി ബിജെപി എംഎൽഎമാർ കൂടെ കൊണ്ടുനടക്കുന്നതിന്റെ ചിത്രം രജ്‌നി സിങ് വാർത്തസമ്മേളനത്തിൽ കാണിച്ചു.

ബൈക്ക് പാർക്ക് ചെയ്തതിനെ ചൊല്ലി വാക്കു തർക്കമുണ്ടായപ്പോൾ തന്റെ മകനോടവർ പേരു ചോദിച്ചെന്നും സാഹിൽ എന്ന് കേട്ടപ്പോൾ മുസ്‌ലിമാണെന്ന് കരുതി തല്ലിക്കൊല്ലുകയായിരുന്നെന്നും ഡൽഹിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹിൽ സിങിന്റെ മാതാവ് സംഗീത സിങ് പറയുന്നു. 12 പേരാണ് തന്റെ മകനെ മൃഗീയമായി തല്ലിക്കൊന്നത്. എന്നിട്ടും രണ്ടു പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കീഴിലുള്ള ഡൽഹി പോലീസ് ഇന്നുവരെ തന്റെ വീട്ടിലേക്ക് വന്നുനോക്കിയിട്ടുപോലുമില്ലെന്ന് സംഗീത പറയുന്നു.

നജീബിനെ കാണാതായി മൂന്നുവർഷം തികയുന്ന വേളയിലാണ് ആഭ്യന്തര മന്ത്രിയുടെ വസതിക്ക് മുന്നിലേക്ക് പോകുന്നതെന്ന് മാതാവ് ഫാത്തിമ നഫീസ് പറഞ്ഞു.

Exit mobile version