മോഡി ജീ, അങ്ങെന്തിനാണ് പാവങ്ങളോട് വീണ്ടും യുദ്ധം ചെയ്യുന്നത്? ഉള്ളതൊക്കെ ഒരുക്കൂട്ടി വെച്ചാണ് ബാങ്കില്‍ നിക്ഷേപിച്ചത്; പിഎംസി ബാങ്ക് തകര്‍ച്ചയില്‍ പൊട്ടിക്കരഞ്ഞ് നിക്ഷേപം നഷ്ടമായ മോഡി ഭക്തന്‍

ന്യൂഡല്‍ഹി: പഞ്ചാബ് ആന്റ് മഹാരാഷ്ട്ര സഹകരണ ബാങ്കിന്റെ (പിഎംസി) പ്രവര്‍ത്തനം റിസര്‍വ് ബാങ്ക് മരവിപ്പിച്ചതിനെ തുടര്‍ന്ന് നിക്ഷേപിച്ച പണം നഷ്ടമായ മോഡി ഭക്തനായ യുവാവിന്റെ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.

താന്‍ മോഡിയുടെ വലിയ അനുയായി ആയിരുന്നുവെന്ന് പരിചയപ്പെടുത്തുന്ന യുവാവ്
ചാനല്‍ റിപ്പോര്‍ട്ടറുമായി സംസാരിക്കുന്നതിന്റെ ദൃശ്യമാണ് പ്രചരിക്കുന്നത്. മോഡി എന്തിനാണ് പാവങ്ങളെ ഇങ്ങനെ ഉപദ്രവിക്കുന്നത് എന്നും, പിഎംസി പ്രവര്‍ത്തനം റദ്ദാക്കിയതോടെ താന്‍ കഠിനാധ്വാനം ചെയ്ത് സ്വരുക്കൂട്ടിയ സമ്പാദ്യമാണ് നഷ്ടമായതെന്നുമുള്ള ആശങ്കയാണ് യുവാവ് പങ്കുവെക്കുന്നത്.

പിഎംസിയില്‍ നിക്ഷേപമുണ്ടായിരുന്നവര്‍ ഡല്‍ഹിയിലെ റിസര്‍വ് ബാങ്ക് ആസ്ഥാനത്തിനു പുറത്ത് നടത്തിയ ധര്‍ണക്കിടെയാണ് യുവാവ് ന്യൂസ് സെവന്‍ എന്ന ചാനലിന്റെ റിപ്പോര്‍ട്ടര്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞത്.

രാജ്യത്തെ ഏറ്റവും വലിയ സഹകരണ ബാങ്കുകളിലൊന്നാണ് റിസര്‍വ് ബാങ്കിന്റെ നടപടി നേരിടുന്ന പിഎംസി ബാങ്ക്. 1754 സഹകരണ വായ്പാ സൊസൈറ്റികളുടെയും 216 അര്‍ബന്‍ സഹകരണ ബാങ്കുകളുടെയും 15,000 സഹകരണ ഹൗസിംഗ് സൊസൈറ്റികളുടെയും അക്കൗണ്ടുകള്‍ ഈ ബാങ്കിലുണ്ട്. ഒരു ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഉണ്ടെങ്കിലും അത് ചെറിയ ശതമാനം നിക്ഷേപകര്‍ക്കു മാത്രമേ ആശ്വാസം പകരുകയുള്ളൂ.

‘എനിക്ക് വസ്തുവകകളൊന്നുമില്ല. വാടകവീട്ടിലാണ് താമസിക്കുന്നത്. പത്തുവര്‍ഷത്തോളമായി ഉള്ളതൊക്കെ ഒരുക്കൂട്ടി വെച്ചാണ് ഞാന്‍ ബാങ്കില്‍ നിക്ഷേപിച്ചത്. മോഡി ജീ, അങ്ങയെ ഞങ്ങള്‍ക്ക് മടുത്തു. പാവങ്ങള്‍ക്കു മേല്‍ അങ്ങ് വീണ്ടും വീണ്ടു യുദ്ധം ചെയ്യുകയാണ്. പാവങ്ങളെ ജീവിക്കാന്‍ പോലും അനുവദിക്കുന്നില്ല. ആര്‍ക്കു വേണ്ടിയാണ് അങ്ങ് ഭരിക്കുന്നത്?

ഞാന്‍ അങ്ങയുടെ വലിയ അനുയായി ആയിരുന്നു. ഞാന്‍ എത്രവലിയ മോഡി ആരാധകന്‍ ആയിരുന്നുവെന്ന് ആരോട് ചോദിച്ചാലും അറിയാം. പക്ഷേ ഞാനിന്ന് കരയുകയാണ്. അന്ധഭക്തന്മാരോട് എനിക്ക് പറയാനുള്ളത് ഒരു ദിവസം നിങ്ങള്‍ നശിച്ചു പോകും, നിങ്ങള്‍ മരിച്ചു പോകും എന്നാണ്.’ പിഎംസി ബാങ്ക് തകര്‍ന്നുപോകുന്നതു വരെ റിസര്‍വ് ബാങ്ക് എന്തുകൊണ്ട് നോക്കിയിരുന്നുവെന്ന് മോഡി ചോദിക്കണമായിരുന്നുവെന്നും ഇയാള്‍ പറയുന്നു.

Exit mobile version