ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി ഒക്ടോബര്‍ 17 വരെ നീട്ടി: രണ്ട് നേരം വീട്ടിലെ ഭക്ഷണം എത്തിക്കാനും അനുമതി

ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. ഒക്ടോബര്‍ 17 വരെയാണ് ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടിയത്. ഡല്‍ഹിയിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. ഹൈക്കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എകെ ഖുഹാര്‍ ആണ് കസ്റ്റഡി കാലാവധി 14 ദിവസം കൂടി നീട്ടിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

കൂടാതെ, ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് വീട്ടില്‍ നിന്നുള്ള ഭക്ഷണം ജയിലില്‍ എത്തിക്കാനും കോടതി അനുമതി നല്‍കി. ദിവസം രണ്ട് നേരം വീട്ടില്‍ നിന്നുള്ള സസ്യാഹാരം ജയിലില്‍ എത്തിക്കാനാണ് അനുമതി. ചിദംബരത്തിന് ജയിലിനകത്തും പുറത്തും വൈദ്യ പരിശോധന ലഭ്യമാക്കാനുള്ള അനുവാദവും കോടതി നല്‍കി.

നേരത്തെ ഒക്ടോബര്‍ മൂന്നുവരെ ചിദംബരത്തെ കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവിട്ടിരുന്നു. ഇതിനിടെ ജ്യാമാപേക്ഷയുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം ചിംദബരത്തിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

Exit mobile version