ഒറ്റത്തവണ ഉപയോഗിക്കുന്ന ആറിനം പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് തല്‍ക്കാലം നിരോധനം ഇല്ല; തീരുമാനത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്നോട്ട്

പ്ലാസ്റ്റിക് സഞ്ചികള്‍, കപ്പുകള്‍, പ്ലേറ്റുകള്‍, ചെറിയ കുപ്പികള്‍, സ്‌ട്രോ, സാഷെ എന്നിവയ്ക്കു നിരോധനം ഏര്‍പ്പെടുത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്

ന്യൂഡല്‍ഹി: രാജ്യത്ത് പ്ലാസ്റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ട്. മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷിക ദിനമായ ഇന്ന് ഒറ്റത്തവണ ഉപയോഗിക്കുന്ന ആറിനം പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡി ഔദ്യോഗികമായി നിരോധനം ഏര്‍പ്പെടുത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

പ്ലാസ്റ്റിക് സഞ്ചികള്‍, കപ്പുകള്‍, പ്ലേറ്റുകള്‍, ചെറിയ കുപ്പികള്‍, സ്‌ട്രോ, സാഷെ എന്നിവയ്ക്കു നിരോധനം ഏര്‍പ്പെടുത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ സാമ്പത്തിക രംഗത്തെ മാന്ദ്യാവസ്ഥ കണക്കിലെടുത്ത് പ്ലാസ്റ്റിക്കിന് തല്‍ക്കാലം നിരോധനം ഏര്‍പ്പെടുത്തേണ്ടതില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പകരം നിലവില്‍ നിരോധനമുള്ള പ്ലാസ്റ്റിക് ഇനങ്ങളുടെ ഉപയോഗം കര്‍ശനമായി വിലക്കാന്‍ നടപടിയുണ്ടാവും.

രാജ്യത്ത് ഒട്ടേറെ പേര്‍ക്കു തൊഴില്‍ നല്കുന്ന വ്യവസായമാണ് സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കുകളുടെ ഉത്പാദനമെന്നതിനാല്‍ ഇവ ഒറ്റയടിക്ക് അടച്ചുപൂട്ടുന്ന സാഹചര്യം പ്രതിസന്ധിയിലായ തൊഴില്‍ വിപണിയെ കൂടുതല്‍ തളര്‍ത്തും. കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനും സാമ്പത്തിക രംഗത്തിന് ഊര്‍ജം പകരാനും സര്‍ക്കാര്‍ കിണഞ്ഞുശ്രമിക്കുന്നതിനിടെ നിരോധനം ഏര്‍പ്പെടുത്തുന്നത് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തലുകള്‍

Exit mobile version