ആരോഗ്യപ്രശ്‌നങ്ങളുണ്ട്, വീട്ടിലെ ഭക്ഷണം വേണം: അപേക്ഷ സമര്‍പ്പിച്ച് പി ചിദംബരം

ന്യൂഡല്‍ഹി: ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും വീട്ടില്‍ ഉണ്ടാക്കുന്ന ആഹാരം ജയിലില്‍ ലഭിക്കണമെന്നും ആവശ്യപ്പെട്ട് ഐഎന്‍എക്സ് മീഡിയ കേസില്‍ ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരം.

വീട്ടില്‍ നിന്നുള്ള ഭക്ഷണം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഡല്‍ഹി കോടതിയില്‍ അപേക്ഷ നല്‍കി. ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി അവസാനിക്കുന്ന ഒക്ടോബര്‍ മൂന്നിന് അപേക്ഷ കോടതി പരിഗണിക്കും.

ഇത് രണ്ടാം തവണയാണ് വീട്ടില്‍ നിന്നുള്ള ഭക്ഷണം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ചിദംബരം ഡല്‍ഹി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുന്നത്. ആദ്യം സമര്‍പ്പിച്ച അപേക്ഷ സെപ്റ്റംബര്‍ 12ന് കോടതി തള്ളിയിരുന്നു.

സെപ്തംബര്‍ 5 മുതല്‍ തീഹാര്‍ ജയിലിലാണ് ചിദംബരം. ചിദംബരത്തിന് 74 വയസ്സുണ്ടെന്നും, വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ അദ്ദേഹം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്നും ആയതിനാല്‍ അദ്ദേഹത്തിന് വീട്ടില്‍ നിന്നുള്ള ഭക്ഷണം ലഭ്യമാക്കണം എന്നുമായിരുന്നു ചിദംബരത്തിന്റെ അഭിഭാഷകന്‍ കബില്‍ സിബല്‍ കോടതിയെ അറിയിച്ചത്.

എന്നാല്‍, എല്ലാ തടവുപുള്ളികള്‍ക്കും ഒരേ നിയമമാണ് ഉള്ളതെന്നും, ഒരാള്‍ക്ക് മാത്രമായി പ്രത്യേക പരിഗണ നല്‍കാനാകില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. തുടര്‍ന്നാണ് ചിദംബരത്തിന്റെ അപേക്ഷ കോടതി തള്ളിയിരുന്നു.

കൂടാതെ, 74കാരനായ ചിദംബരത്തിന് സെല്ലില്‍ തലയിണയോ കസേരയോ ഇല്ലാത്തതിനാല്‍ പുറംവേദന കൂട്ടുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ വാദം കോടതി തള്ളുകയും ജുഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ മൂന്ന് വരെ നീട്ടുകയുമായിരുന്നു.

ഐഎന്‍എക്‌സ് മീഡിയാ കേസില്‍ ഓഗസ്റ്റ് 21നാണ് സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയ്തത്. 2007ല്‍, ധനമന്ത്രിയായിരിക്കെ ഐഎന്‍എക്സ് മീഡിയയുടെ 305 കോടിയുടെ ഇടപാടിന് അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന കേസിലാണ് പി ചിദംബരത്തെ അറസ്റ്റ് ചെയ്തത്.

Exit mobile version