ആദായ നികുതി കുറയും; രാജ്യത്തിന്റെ വാങ്ങൽ ശേഷി വർധിപ്പിക്കാൻ പുതിയ നടപടിയുമായി കേന്ദ്ര സർക്കാർ

ഡയറക്ട് ടാക്സ് കോഡ് ടാസ്‌ക് ഫോഴ്സ് ഓഗസ്റ്റ് 19ന് ഇതുസംബന്ധിച്ച് നിർദേശങ്ങൾ സമർപ്പിച്ചിരുന്നു.

ന്യൂഡൽഹി: രാജ്യത്തെ മധ്യവർഗത്തിന്റെ വാങ്ങൽശേഷി വർധിപ്പിക്കാൻ ആദായ നികുതി സ്ലാബുകളിൽ കാതലായ മാറ്റംവരുത്താൻ സർക്കാർ ഒരുങ്ങുന്നു. രാജ്യത്തേക്ക് നിക്ഷേപം ആകർഷിക്കാനായി സർക്കാർ കോർപ്പറേറ്റ് നികുതി കുറച്ചതിനുപിന്നാലെയാണ് പുതിയ തീരുമാനം. വർഷങ്ങൾ പഴക്കമുള്ള രാജ്യത്തെ ആദായ നികുതി നിയമം പരിഷ്‌കരിക്കുന്നതിന് രൂപവൽക്കരിച്ച ഡയറക്ട് ടാക്സ് കോഡ് ടാസ്‌ക് ഫോഴ്സ് ഓഗസ്റ്റ് 19ന് ഇതുസംബന്ധിച്ച് നിർദേശങ്ങൾ സമർപ്പിച്ചിരുന്നു.

ഈ പരിഷ്‌കരണത്തിലൂടെ ആദായ നികുതിദായകന്റെ കയ്യിൽ കൂടുതൽ പണംവരുന്ന സാഹചര്യമുണ്ടാകുകയും അത് വാങ്ങൽ ശേഷി വർധിപ്പിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. ഇത് രാജ്യത്തിന്റെ വളർച്ച ത്വരിതഗതിയിലാക്കുമെന്നുമാണ് കണക്കുകൂട്ടൽ. നികുതി കുറയ്ക്കുന്നതിനൊപ്പം സെസുകളും സർച്ചാർജുകളും നീക്കം ചെയ്യണമെന്നും നിർദേശമുണ്ട്.

അഞ്ചു ലക്ഷത്തിനും പത്തുലക്ഷത്തിനുമിടയിൽ വരുമാനമുള്ളവരുടെ നികുതി സ്ലാബ് 10 ശതമാനത്തിലേയ്ക്ക് കുറയ്ക്കണമെന്നതാണ് പ്രധാന നിർദേശം. നിലവിൽ ഈ സ്ലാബിലുള്ളവർക്ക് 20 ശതമാനമാണ് നികുതി. ഉയർന്ന സ്ലാബിലുള്ളവരുടെ നികുതി 30 ശതമാനത്തിൽനിന്ന് 25 ശതമാനമായും കുറച്ചേക്കും. നിലവിൽ മൂന്നുലക്ഷം മുതൽ അഞ്ചുലക്ഷംവരെ വരുമാനമുള്ളവർക്ക് അഞ്ച് ശതമാനമാണ് നികുതി. രണ്ടാമത്തെ സ്ലാബായ 5-10 ലക്ഷത്തിനിടയ്ക്കുള്ളവർക്ക് 20 ശതമാനവും 10 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർക്ക് 30 ശതമാനവുമാണ് ആദായ നികുതി ഈടാക്കുന്നത്. 2.5 ലക്ഷം രൂപവരെ വരുമാനമുള്ളവർ നികുതിക്കുപുറത്തുമാണ്.

Exit mobile version