വിജയ താഹിൽരമാനിക്ക് എതിരെ സിബിഐ അന്വേഷണം

ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കി സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് വിജയ താഹിൽരമാനി രാജിവെച്ചിരുന്നു.

ന്യൂഡൽഹി: മുൻ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹിൽരമാനിക്കെതിരെ പിടിമുറുക്കി കേന്ദ്രവും സുപ്രീംകോടതിയും. വിജയയ്‌ക്കെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇവർക്കെതിരായ ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നിയമ നടപടിയെടുക്കാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സിബിഐക്ക് നിർദേശം നൽകിയത്. നേരത്തെ, മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കി സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് വിജയ താഹിൽരമാനി രാജിവെച്ചിരുന്നു.

അനധികൃത പണമിടപാടികളും കോടതി നടപടികളുടെയും പേരിലാണ് ഇന്റലിജൻസ് ബ്യൂറോ വിജയയ്‌ക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്. ചെന്നൈയ്ക്ക് പുറത്ത് വിജയ 3.28 കോടി രൂപയ്ക്ക് രണ്ട് ഫ്ളാറ്റുകൾ വാങ്ങിയെന്നും ഇതിൽ ഒന്നര കോടി രൂപ ബാങ്ക് ലോൺ ആയിരുന്നു. ബാക്കി തുകയുടെ സ്രോതസ്സ് സംബന്ധിച്ച വ്യക്തതവരുത്താൻ സാധിച്ചിട്ടില്ലെന്നുമാണ് ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ടിൽ പറയുന്നത്.

മദ്രാസ് ഹൈക്കോടതിയിൽ വിഗ്രഹമോഷണ കേസുമായി ബന്ധപ്പെട്ട് രൂപീകരിച്ചിരുന്ന പ്രത്യേക ബെഞ്ച് വിജയ പിരിച്ചുവിട്ടിരുന്നു. തമിഴ്നാട് മന്ത്രിസഭയിലെ ഒരു മുതിർന്ന അംഗത്തിനെതിരായ ഉത്തരവുകൾ ഈ ബെഞ്ചിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. ഈ നേതാവുമായുള്ള ബന്ധമാണ് കാരണം കാണിക്കാതെയുള്ള ഈ ബെഞ്ച് പിരിച്ചുവിട്ടതിന് പിന്നിലെന്നാണ് ഇവർക്കെതിരെ ഉയർന്നിരിക്കുന്ന രണ്ടാമത്തെ ആരോപണം. വിജയ താഹിൽരമാനിയുടെ പേരിൽ ആറ് ബാങ്ക് അക്കൗണ്ടുകൾ ഉണ്ടായിരുന്നെന്നും ഇതിലെ ഇടപാടുകൾ സംബന്ധിച്ച് അന്വേഷണം വേണമെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമപരമായ നടപടികളെടുക്കണമെന്ന് ചീഫ് ജസ്റ്റിസ് സിബിഐക്ക് നിർദേശം നൽകുകയായിരുന്നു.

നേരത്തെ, തന്നെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സ്ഥലംമാറ്റിയതിനു പിന്നിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടെന്ന് വിജയ ആരോപിച്ചിരുന്നു. സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഇവരുടെ ആവശ്യം സുപ്രീംകോടതി കൊളീജിയം നിരസിച്ചു. തുടർന്നാണായിരുന്നു വിജയ താഹിൽരമാനി രാജിവെച്ചത്.

മുമ്പ് ബോംബെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരിക്കെ, ഗുജറാത്ത് കലാപകാലത്തെ ബിൽക്കിസ് ബാനു കൂട്ടബലാൽസംഗക്കേസിലെ പ്രതികളുടെ ശിക്ഷ ശരിവെച്ചത് ജസ്റ്റിസ് വിജയ താഹിൽരമാനി ആയിരുന്നു. സംഘപരിവാറിനെതിരായ ഈ വിധി പ്രസ്താവത്തിൽ ബിജെപി ഇപ്പോഴും പ്രതികാരമനോഭാവം സൂക്ഷിക്കുന്നുണ്ടെന്നായിരുന്നു ഉയർന്ന ആരോപണങ്ങൾ.

Exit mobile version