സവാളയുടെ വിലക്കയറ്റത്തില്‍ ഇടപെട്ട് കേന്ദ്രം; രാജ്യത്ത് സവാള കയറ്റുമതി നിരോധിച്ചു

മഹാരാഷ്ട്രയിലുണ്ടായ വന്‍പ്രളയവും ഉള്ളിയുടെ ലഭ്യത കുറയാനിടയാക്കി. ഇതാണ് വിലയേറുവാനുള്ള പ്രധാന കാരണം.

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചു വരുന്ന വിലക്കയറ്റത്തില്‍ ഇടപെടലുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് ഉള്ളിക്കയറ്റുമതി നിരോധിച്ച് കേന്ദ്ര വാണിജ്യ – വ്യവസായ മന്ത്രാലയം ഉത്തരവിറക്കി. കിലോയ്ക്ക് 80 രൂപ വരെയെത്തിയ ഉള്ളിവില നിയന്ത്രിക്കാന്‍ വിപണിയില്‍ ഉള്ളിയുടെ ലഭ്യത കൂട്ടാതെ വേറെ വഴിയില്ലെന്ന കാരണത്താലാണ് കയറ്റുമതി നിരാേധിച്ചിരിക്കുന്നത്.

ഉത്തരേന്ത്യയിലാണ് ഉള്ളിവില ജനങ്ങളെ ഏറ്റവും അധികം ബാധിച്ചത്. മൊത്തവിലയെ അടിസ്ഥാനപ്പെടുത്തി നോക്കിയാല്‍ കഴിഞ്ഞ നാല് വര്‍ഷം ഇന്ത്യയിലുണ്ടായ ഏറ്റവും ഉയര്‍ന്ന നിരക്കാണ് സെപ്റ്റംബര്‍ ആദ്യവാരം ഉള്ളിവിലയില്‍ രേഖപ്പെടുത്തിയത്. ഡല്‍ഹിയിലും മുംബൈയിലുമടക്കം മെട്രോ നഗരങ്ങളില്‍ ആപ്പിളിനേക്കാള്‍ വിലയുണ്ട് ഉള്ളിയ്‌ക്കെന്ന് നാട്ടുകാര്‍ തന്നെ പറയുന്നു. മഹാരാഷ്ട്രയിലുണ്ടായ വന്‍പ്രളയവും ഉള്ളിയുടെ ലഭ്യത കുറയാനിടയാക്കി. ഇതാണ് വിലയേറുവാനുള്ള പ്രധാന കാരണം.

നേരത്തേ ഉള്ളിവില പിടിച്ചുനിര്‍ത്താന്‍ കയറ്റുമതിയ്ക്കുള്ള വില കേന്ദ്രസര്‍ക്കാര്‍ കുത്തനെ കൂട്ടിയിരുന്നു. ഉള്ളിലഭ്യതയില്ലാതെ ജനം വലയുമ്പോഴും രാജ്യത്ത് 56,000 ടണ്‍ ഉള്ളിയുണ്ടെന്നും, ഇതില്‍ 16,000 ടണ്‍ ഇതുവരെ പലയിടങ്ങളിലായി എത്തിച്ചുവെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. നാഫെഡ് പോലുള്ള ഏജന്‍സികള്‍ വഴി ഉള്ളിവിതരണം കൂടുതല്‍ ഊര്‍ജിതമായി നടപ്പാക്കിയാല്‍ ഉള്ളിവില കുറയുമെന്നായിരുന്നു കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതൊന്നും ഫലവത്താവാതെ വന്നതോടെയാണ് രാജ്യത്ത് കയറ്റുമതി കേന്ദ്രം നിരോധിച്ചത്.

Exit mobile version