ത്രിപുര ഉപതെരഞ്ഞെടുപ്പ്; ഞെട്ടിക്കുന്ന വളര്‍ച്ച രേഖപ്പെടുത്തി കോണ്‍ഗ്രസ്; പാര്‍ട്ടിയുഗം തീര്‍ത്തും അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സിപിഎമ്മും

അതെസമയം ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ സംസ്ഥാനത്ത് പാര്‍ട്ടിയുഗം തീര്‍ത്തും അവസാനിച്ചിട്ടില്ലെന്ന സൂചനകളാണ് സിപിഎം നല്‍കുന്നത്.

അഗര്‍ത്തല: ത്രിപുരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഞെട്ടിക്കുന്ന വളര്‍ച്ച രേഖപ്പെടുത്തി കോണ്‍ഗ്രസും,
സംസ്ഥാനത്ത് തിരിച്ചുവരവിന്റെ സൂചന നല്‍കി സിപിഎമ്മും. വെസ്റ്റ് ത്രിപുര ജില്ലയില്‍ പെട്ട ബധാര്‍ഘട്ട് നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ഞെട്ടിക്കുന്ന വളര്‍ച്ചയാണ് കോണ്‍ഗ്രസ് രേഖപ്പെടുത്തിയത്. നേരത്തെ കോണ്‍ഗ്രസ് നേതാവായിരുന്ന ദിലീപ് സര്‍ക്കാര്‍ ബിജെപിയില്‍ ചേര്‍ന്നതോടെ നഷ്ടപെട്ട മണ്ഡലത്തില്‍ 18 മടങ്ങ് വോട്ടാണ് ഇക്കുറി കോണ്‍ഗ്രസ് വര്‍ദ്ധിപ്പിച്ചത്.

അതെസമയം ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ സംസ്ഥാനത്ത് പാര്‍ട്ടിയുഗം തീര്‍ത്തും അവസാനിച്ചിട്ടില്ലെന്ന സൂചനകളാണ് സിപിഎം നല്‍കുന്നത്. ഇക്കുറിയും ബിജെപി തന്നെ വിജയിച്ചപ്പോള്‍ സിപിഎം സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനത്ത് എത്തി.

ബിജെപി സ്ഥാനാര്‍ത്ഥി മിമി മജുംദാര്‍ 20487 വോട്ടുകള്‍ നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ സിപിഎം സ്ഥാനാര്‍ത്ഥി ബുള്‍തി ബിശ്വാസ് 15211 വോട്ട് നേടി. കോണ്‍ഗ്രസാണ് തെരഞ്ഞെടുപ്പില്‍ ഞെട്ടിക്കുന്ന വളര്‍ച്ച രേഖപ്പെടുത്തിയത്. 2018 ല്‍ വെറും 505 വോട്ട് മാത്രമാണ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേടിയിരുന്നത്. ഇത് 18 മടങ്ങ് വര്‍ധിപ്പിച്ച് ഇത്തവണയത് 9015 വോട്ടാക്കി ഉയര്‍ത്തി.

ബധാര്‍ഘട്ടില്‍ ഒരു ഇടത് സ്ഥാനാര്‍ത്ഥി അവസാനമായി വിജയിച്ചത് 2003ലാണ്. ഈ സീറ്റ് പ്രതിപക്ഷ പാര്‍ട്ടിയായിരുന്ന കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു. എന്നാല്‍ 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന ദിലീപ് സര്‍ക്കാര്‍ ബിജെപിയില്‍ ചേര്‍ന്നു. തെരഞ്ഞെടുപ്പില്‍ അദ്ദേഹം ഇടത് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയെങ്കിലും 2019 ഏപ്രില്‍ ഒന്നിന് അന്തരിച്ചു. ഇതോടെയാണ് ബധാര്‍ഘട്ടില്‍ വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Exit mobile version