അഞ്ച് ട്രില്യൺ സമ്പദ് വ്യവസ്ഥയാകും; നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോഡി

വിദേശ നിക്ഷേപകരെ ഉൾപ്പടെ രാജ്യത്തേക്ക് ക്ഷണിക്കാനും മോഡി ചടങ്ങ് ഉപയോഗപ്പെടുത്തി.

ന്യൂഡൽഹി: അഞ്ച് ട്രില്യൺ സമ്പദ്‌വ്യവസ്ഥയാകാനുള്ള കരുത്ത് ഇന്ത്യയ്ക്കുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്തെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താൻ നിരവധി പുതിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണെന്നും മോഡി ന്യൂയോർക്കിൽ വ്യവസായ സംരംഭകരുടെ യോഗത്തിൽ പറഞ്ഞു. വിദേശ നിക്ഷേപകരെ ഉൾപ്പടെ രാജ്യത്തേക്ക് ക്ഷണിക്കാനും മോഡി ചടങ്ങ് ഉപയോഗപ്പെടുത്തി.

അഞ്ച് ട്രില്യൺ സമ്പദ്‌വ്യവസ്ഥയാകാനുള്ള കരുത്ത് ഇന്ത്യയ്ക്കുണ്ട്. ഇത് വലിയൊരു ലക്ഷ്യമാണ്. ധൈര്യവും അതിനുള്ള സാഹചര്യവും ഇന്ത്യയ്ക്കുണ്ട്. ഓരോ വർഷവും ഓരോ ട്രില്യൺ വീതം ഡോളർ വളർച്ചയിലേക്ക് സമ്പദ് വ്യവസ്ഥ എത്തുകയാണ്. 2024-25 ആകുമ്പോഴേക്കും ഇന്ത്യ അഞ്ച് ട്രില്യൺ സമ്പദ് വ്യവസ്ഥയായി മാറുമെന്നും മോഡി പറഞ്ഞു.

രാജ്യത്തെ കമ്പനികളുടെ കോർപ്പറേറ്റ് നികുതിയിൽ വരുത്തിയ വലിയ കുറവ് ബിസിനസ് അന്തരീക്ഷം ഉദാരമാകുമെന്ന സൂചനയാണെന്നും മോഡി പറഞ്ഞു. ഇതൊരു പോസിറ്റീവ് സന്ദേശമാണ്. വലിയൊരു അന്തരീക്ഷമാണ് നിങ്ങൾക്ക് നിക്ഷേപത്തിന് ആവശ്യമെങ്കിൽ നിങ്ങൾ ഇന്ത്യയിലേക്ക് വരൂ. സ്റ്റാർട്ടപ്പുകളുടെ വലിയൊരു വിപണിയാണ് വേണ്ടതെങ്കിൽ നിങ്ങൾ ഇന്ത്യയിലേക്ക് വരൂ. മോഡി നിക്ഷേപകരെ ക്ഷണിച്ചതിങ്ങനെ.

ഇന്ത്യ വരുംവർഷങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളിൽ 1.3 ട്രില്യൺ ഡോളർ ആണ് നിക്ഷേപിക്കുന്നത്. സാമൂഹികമായ അടിസ്ഥാന സൗകര്യവും ഇതിന് അനുസൃതമായി വർധിക്കും. ഇന്ത്യയുടെ നാഗരിക വികസനത്തിൽ പങ്കാളിയാകാനും നിങ്ങളെ ക്ഷണിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Exit mobile version