എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ ഭഗവദ്ഗീതയും; ഒരു മതം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമെന്ന് അധ്യാപകര്‍, വിവാദത്തില്‍ കുടുങ്ങി അണ്ണാ സര്‍വകലാശാല

ഈ വിഭാഗത്തിലാണ് സ്വാമി സ്വരൂപാനന്ദയുടെ ഭഗവദ്ഗീത വിവര്‍ത്തനം സര്‍വകലാശാല ഉള്‍പ്പെടുത്തിയത്.

ചെന്നൈ: എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ ഭഗവദ്ഗീത ഉള്‍പ്പെടുത്തിയത് വിവാദമാകുന്നു. അണ്ണാ സര്‍വകലാശാലയാണ് വിചിത്രമായ നടപടിയിലൂടെ വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ ഓഡിറ്റ് കോഴ്സിന്റെ ഭാഗമായാണ് ഭഗവദ്ഗീത ചേര്‍ത്തിരിക്കുന്നത്. സിലബസിനു പുറമെ വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ വികാസത്തിനുതകുന്ന വിഷയങ്ങളാണ് ഓഡിറ്റ് കോഴ്‌സിലുള്ളത്.

ഈ വിഭാഗത്തിലാണ് സ്വാമി സ്വരൂപാനന്ദയുടെ ഭഗവദ്ഗീത വിവര്‍ത്തനം സര്‍വകലാശാല ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഈ നടപടിക്കെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. അധ്യാപകര്‍ ഉള്‍പ്പടെയുള്ളവരാണ് വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുന്നത്. മറ്റു മതഗ്രന്ഥങ്ങള്‍ പരിഗണിക്കാതെ ഭഗവദ്ഗീത മാത്രം പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുന്നത് ഹിന്ദുമതം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിന് തുല്യമാണെന്നാണ് അധ്യാപകര്‍ ചൂണ്ടിക്കാണിച്ചു. മതഗ്രന്ഥങ്ങള്‍ക്ക് പകരം തത്ത്വശാസ്ത്ര പുസ്തകങ്ങളാണ് നല്‍കേണ്ടതെന്നും ഇവര്‍ വ്യക്തമാക്കി. എന്നാല്‍, സര്‍വകലാശാല അധികൃതര്‍ ഈ ആരോപണങ്ങളെ തള്ളി രംഗത്ത് വന്നിട്ടുണ്ട്. ചില കേന്ദ്രങ്ങള്‍ ഇത് വിവാദമാക്കുകയാണെന്നാണ് ഇവര്‍ നല്‍കുന്ന വിശദീകരണം.

സാങ്കേതിക വിദ്യാഭ്യാസ ദേശീയ കൗണ്‍സിലിന്റെ (എഐസിടിഇ) മാതൃകാ പാഠ്യപദ്ധതിപ്രകാരമാണ് സര്‍വകലാശാല ആറ് ഓഡിറ്റ് കോഴ്സുകള്‍ പുതുതായി ഏര്‍പ്പെടുത്തിയത്. ഇത് നിര്‍ബന്ധ പാഠ്യവിഷയമല്ലെന്നും വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സ് തിരഞ്ഞെടുക്കാന്‍ അവസരമുണ്ടെന്നും സര്‍വകലാശാല വൃത്തങ്ങള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വവികാസത്തിനും ജീവിതലക്ഷ്യം നേടുന്നതിനും ഗീതാ പഠനം ഉപകരിക്കുമെന്നാണ് സര്‍വകലാശാല പദ്ധതിയുടെ ലക്ഷ്യമെന്നും അധികൃതര്‍ പറയുന്നു.

Exit mobile version