മോഡിയേയും അജിത് ഡോവലിനേയും അമിത് ഷായേയും ലക്ഷ്യമിട്ട് ജെയ്‌ഷെ; സുരക്ഷ ശക്തമാക്കി; 30 നഗരങ്ങളിൽ അതീവ ജാഗ്രത

ഇതുസംബന്ധിച്ച വിവരം കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് കൈമാറി.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും ലക്ഷ്യമിട്ട് ഭീകരർ. ഇവരെ വധിക്കാൻ ജെയ്‌ഷെ ഭീകരർ പദ്ധതിയിടുന്നതായാണ് രഹസ്യാന്വേഷണം വിഭാഗത്തിന്റെ റിപ്പോർട്ട്. ഇതുസംബന്ധിച്ച വിവരം കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. കാശ്മീരിലെ മോഡി സർക്കാർ നടപടിക്കെതിരെ ഇന്ത്യയ്ക്ക് തിരിച്ചടി നൽകലാണ് ഭീകരസംഘടനകളുടെ ലക്ഷ്യമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനായി പ്രധാനമന്ത്രിയേയും അമിത് ഷായേയും അജിത് ഡോവലിനേയും അപായപ്പെടുത്താൻ പാകിസ്താൻ ചാരസംഘടനയായ ഐഎസ്‌ഐ മേജർ ജെയ്‌ഷെ മുഹമ്മദുമായി സഹകരിക്കുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ.

ഭീഷണി മുൻനിർത്തി അജിത് ഡോവലിനുള്ള സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ 30 നഗരങ്ങളിൽ ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്. ജമ്മു, അമൃത്സർ, പത്താൻകോട്ട, ജയ്പൂർ, ഗാന്ധി നഗർ, കാണ്ഡപൂർ, ലക്‌നൗ അടക്കമുള്ള നഗരങ്ങളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.

ജമ്മു കാശ്മീരിൽ സൈന്യത്തിന് നേരെ ആക്രമണം നടത്താൻ 30 ചാവേറുകളെ ജയ്‌ഷെ മുഹമ്മദ് തയ്യാറാക്കിയതായുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് പുതിയ ആക്രമണ ഭീഷണിയും. രാജ്യത്തിന്റെ പല ഭാഗത്തും കാശ്മീലെ സൈനിക വ്യൂഹങ്ങൾക്കും സേനയുടെ താവളങ്ങൾക്കും ചെക്ക് പോസ്റ്റുകൾ അടക്കമുള്ള ഇടങ്ങളിൽ ആക്രമണം നടത്താൻ വേണ്ടിയുള്ള ചാവേറുകളെ തയ്യാറാക്കിയതായാണ് റിപ്പോർട്ട്.

Exit mobile version