കാശ്മീരിലെ അതിര്‍ത്തി ഗ്രാമത്തില്‍ പാകിസ്താന്‍ സ്വദേശി; പരിഭ്രാന്തരായി ജനങ്ങള്‍! സുരക്ഷ ശക്തമാക്കി

കാശ്മീര്‍ അതിര്‍ത്തിയിലെ ചന്തുപുര ഗ്രാമത്തിലെത്തിയ പാകിസ്താന്‍ യുവാവാണ് പ്രദേശവാസികളെ പരിഭ്രാന്തരാക്കിയത്.

കാശ്മീര്‍: അതിര്‍ത്തി ഗ്രാമത്തിലെ ജനങ്ങളെ പരിഭ്രാന്തരാക്കിയ പാകിസ്താന്‍ സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു. കാശ്മീര്‍ അതിര്‍ത്തിയിലെ ചന്തുപുര ഗ്രാമത്തിലെത്തിയ പാകിസ്താന്‍ യുവാവാണ് പ്രദേശവാസികളെ പരിഭ്രാന്തരാക്കിയത്.

ജമ്മുവില്‍ നിന്ന് ഏകദേശം 35 കിലോമീറ്റര്‍ അകലെയുള്ള ചന്തുപുര ഗ്രാമത്തിലെ ഒരു വീട്ടിലാണ് നാടകീയ സംഭവം നടന്നത്. പുറത്തു പോയിരുന്ന ഉടമസ്ഥ വീട്ടില്‍ തിരിച്ച് എത്തിയപ്പോള്‍ അജ്ഞാതനായ ഒരാള്‍ തന്റെ വീടിന്റെ വരാന്തയില്‍ ഇരിക്കുന്നതായാണ് കണ്ടത്. തുടര്‍ന്ന് ചോദിച്ചപ്പോള്‍ പാകിസ്താനിലെ സിയാല്‍ കോട്ടില്‍ നിന്നെത്തിയ വാസിം ആണ് താനെന്ന് യുവാവ് സ്വയം പരിചയപ്പെടുത്തുകയായിരുന്നു.

പരിഭ്രാന്തരായ വീട്ടുടമ ആള്‍ക്കാരെ വിളിച്ച് കാര്യം അറിയിക്കുകയും തുടര്‍ന്ന് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. യുവാവിന് 22 വയസാണ്. യുവാവിനെ ചോദ്യം ചെയ്താല്‍ മാത്രമേ നുഴഞ്ഞു കയറിയതാണോ അതോ നിരപരാധിയാണോന്ന് വ്യക്തമാകുവെന്ന് പോലീസ് അറിയിച്ചു. കൂടുതല്‍ അന്വേഷണത്തിനായി യുവാവിനെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.

സംഭവത്തിന് ശേഷം പോലീസ് അതിര്‍ത്തിയില്‍ സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്തെ വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Exit mobile version