ജമ്മുകാശ്മീരിനെ രണ്ടായി വിഭജിക്കും; ജമ്മുകാശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കും

ജമ്മുകാശ്മീരിനെ രണ്ടായി വിഭജിക്കാനുള്ള ബില്ലില്‍ രാജ്യസഭയില്‍ ചര്‍ച്ച പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: ജമ്മുകാശ്മീരിനെ രണ്ടായി വിഭജിക്കാനുള്ള ബില്ലില്‍ രാജ്യസഭയില്‍ ചര്‍ച്ച പുരോഗമിക്കുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായാണ് കാശ്മീരിനെ രണ്ടായി വിഭജിക്കാനുള്ള ബില്ല് അവതരിപ്പിച്ചത്. ജമ്മുകാശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കാനാണ് ബില്ലില്‍ പറയുന്നത്.

ഇതില്‍ ജമ്മുകാശ്മീരിനെ ഡല്‍ഹി മാതൃകയില്‍ കേന്ദ്ര ഭരണ പ്രദേശമാക്കും. നിയമ സഭയുള്ള കേന്ദ്ര ഭരണ പ്രദേശമായിട്ടാകും ജമ്മുകാശ്മീരിനെ മാറ്റുക. ലഡാക്കിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കണക്കിലെടുത്താണ് കേന്ദ്ര ഭരണപ്രദേശമാക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു.

ദുര്‍ഘടം പിടിച്ച മേഖലയായി കണക്കാക്കുന്ന ഇവിടം ജനസംഖ്യ കുറവാണ്. ഇവിടത്തെ ജനങ്ങളുടെ നീണ്ടകാലത്തെ ആവശ്യമാണ് കേന്ദ്രഭരണപ്രദേശമാക്കണമെന്നത്. ഇവരുടെ ആഗ്രഹം നിറവേറ്റുന്നതിന്റെ ഭാഗമായാണ് നിയമനിര്‍മ്മാണമെന്ന് ബില്ല് അവതരിപ്പിച്ച് അമിത് ഷാ പറഞ്ഞു. അതെസമയം അമിത് ഷാ അവതരിപ്പിച്ച ബില്ലിനെതിരെ വന്‍ പ്രതിപക്ഷ പ്രതിഷേധമാണ് നടക്കുന്നത്.

ബില്ലില്‍ പ്രതിഷേധിച്ച് രണ്ട് പിഡിപി അംഗങ്ങള്‍ ഭരണഘടന വലിച്ചു കീറി. ഇവരെ രാജ്യസഭ പുറത്താക്കി. ബിജെപി ഭരണഘടനയുടെ അന്ത്യം കുറിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് രാജ്യസഭയില്‍ പറഞ്ഞു.

നേരത്തെ ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിരുന്നു. രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് അനുച്ഛേദം 370 റദ്ദാക്കിയത്. ഇതോടെ 370 പ്രകാരം ജമ്മുവിന് കിട്ടിവരുന്ന 35 എ ഭരണഘടനാ പരിരക്ഷ ലഭിക്കില്ല

Exit mobile version