ഗോഡ്സെയുടെ യുഗത്തില്‍, ഞാന്‍ ഗാന്ധിയ്ക്കൊപ്പമാണ്..! സൈബര്‍ലോകത്തിന്റെ കൈയ്യടികള്‍ വാരിക്കൂട്ടി പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പ്രസംഗം

ന്യൂഡല്‍ഹി: സോഷ്യല്‍മീഡിയ മുഴുവന്‍ ആയുഷ് ചതുര്‍വേദിയെന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ വാക്കുകള്‍ക്ക് കാതോര്‍ക്കുകയാണ്. മോഡിയുടെ മണ്ഡലായ വാരാണസിയിലെ സെന്‍ട്രല്‍ ഹിന്ദു ബോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ആയുഷ്.

സെപ്തംബര്‍ ഒമ്പതിന് ഗാന്ധിജിയുടെ നൂറ്റമ്പതാം ജന്മവര്‍ഷാഘോഷങ്ങളുടെ ഭാഗമായി സ്‌കൂളില്‍ ആയുഷ് അവതരിപ്പിച്ച പ്രസംഗം വൈറലായിരിക്കുകയാണ്. പ്രസംഗത്തിന്റെ ഒരു ഭാഗം ആയുഷിന്റെ അമ്മ തന്റെ ഫേസ്ബൂക്കില്‍ അപ്ലോഡ് ചെയ്തതോടെയാണ് ശ്രദ്ധേയമായത്.

ഗാന്ധിജിയെക്കാള്‍ വലിയ ഒരു ഹിന്ദു ഉണ്ടായിരുന്നില്ല ഈ ലോകത്ത്. ‘ഹേ റാം’ എന്നു ഗാന്ധിജി പറയുമ്പോള്‍ മുസ്ലിമും ക്രിസ്ത്യാനിയും മറ്റുമതക്കാjും ഒന്നും ഭയപ്പെട്ടിരുന്നില്ല. കാരണം, ഗാന്ധിജി ഈ രാജ്യത്ത് മതനിരപേക്ഷതയുടെ പ്രതീകമായിരുന്നു. എന്നാല്‍, നേരെ മറിച്ച് ജയ് ശ്രീറാം എന്നു കേള്‍ക്കുമ്പോള്‍ ഇന്നു പലപ്പോഴും ജനങ്ങള്‍ ഭയക്കുന്നു എന്നാണ് ആയുഷ് പ്രസംഗത്തിലൂടെ പങ്കുവയ്ക്കുന്നത്.

ആയുഷ് തന്റെ പ്രസംഗം തുടങ്ങിയത് ഇമ്രാന്‍ പ്രതാപ്ഗഢി എന്ന ഉര്‍ദു കവിയുടെ ഒരു കവിതാശകലം ഉദ്ധരിച്ചുകൊണ്ടാണ്.

”യെ കിസ്‌നേ കഹാ ആപ് സെ, ആന്ധി കേ സാഥ് ഹൂം
മേം ഗോഡ്സെ കെ ദോര്‍ മേം, ഗാന്ധി കേ സാഥ് ഹൂം..!”

അതായത്, നിങ്ങളോടാരാ പറഞ്ഞേ, കൊടുങ്കാറ്റിനൊപ്പമാണെന്ന്
ഗോഡ്സെയുടെ യുഗത്തില്‍, ഞാന്‍ ഗാന്ധിയ്ക്കൊപ്പമാണ്..!

ഇമ്രാന്‍ പ്രതാപ്ഗഢിയുടെ ഈ കവിതാശകലം തന്നെ തെരഞ്ഞെടുത്തത് മനഃപൂര്‍വമാണെന്നും അധികാരസ്ഥാനത്തിരിക്കുന്ന പലരും ഇന്ന് ഗോഡ്‌സേപൂജകരാണ് എന്നതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും ആയുഷ് പറഞ്ഞു.

അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരില്‍ പലരും നാവിന്‍ തുമ്പത്ത് മഹാത്മാഗാന്ധിയും അരയില്‍ കഠാരയുമായി നടക്കുന്നവരാണ്. ഗാന്ധിയെ നശിപ്പിക്കാനാകാത്തതുകൊണ്ട് അവര്‍ അദ്ദേഹത്തോട് സ്വയം ഉപമിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്.

മറ്റുള്ളവര്‍ പറയാന്‍ മടിക്കുന്നത് ധൈര്യത്തോടെ വിളിച്ചു പറഞ്ഞ ആയുഷിനു അഭിനന്ദനങ്ങള്‍ അറിയിക്കുകയാണ് സൈബര്‍ലോകം.

Exit mobile version