ഒരാഴ്ച ഇനി യുഎസിൽ; മോഡിയുടെ അമേരിക്കൻ യാത്ര ഇന്ന് ആരംഭിക്കും; ‘ഹൗഡി മോഡി’ക്ക് എതിരെ യുഎസിൽ പ്രക്ഷോഭങ്ങളും ശക്തം

നാളെ ഉച്ച മുതലാണ് ഔദ്യോഗിക പര്യടനം തുടങ്ങുക.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഒരാഴ്ച നീളുന്ന അമേരിക്കൻ സന്ദർശനത്തിന് ഇന്ന് രാത്രിയോടെ തുടക്കം ഏഴ് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് രാത്രിയോടെയാണ് അമേരിക്കയിലേക്ക് തിരിക്കുന്നത്. നാളെ ഉച്ച മുതലാണ് ഔദ്യോഗിക പര്യടനം തുടങ്ങുക.

ന്യൂയോർക്കിലും ഹൂസ്റ്റണിലും നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്ന മോഡി ഇരുപത്തിനാലിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഇതിനിടെ 24ന് തന്നെ നടക്കുന്ന ‘ഹൗഡി മോഡി’ പരിപാടിയിൽ ട്രംപും മോഡിയും ഒരുമിച്ച് ജനങ്ങളെ അഭിസംബോധന ചെയ്യും. അമേരിക്കയിലെ ഇന്ത്യൻ സമൂഹം ഒരുക്കുന്ന പരിപാടിയിൽ അമ്പതിനായിരത്തോളം ഇന്ത്യക്കാരുടെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെ, വിവിധ മനുഷ്യാവകാശ സംഘടനകളുടെ നേതൃത്വത്തിൽ മോഡിയുടെ സന്ദർശനത്തിനെതിരെ പ്രതിഷേധ സമരങ്ങളും സംഘടിപ്പിക്കപ്പെടുന്നുണ്ട്.

തയതന്ത്ര തലത്തിലും ഏറെ പ്രധാന്യമുള്ള ഈ സന്ദർശനത്തിനിടയ്ക്ക് മോഡിയും ട്രംപും കൂടിക്കാഴ്ച നടത്തി സുപ്രധാനമായ പല പ്രഖ്യാപനങ്ങളും നടത്തുമെന്നാണ് പ്രതീക്ഷ. ഇരുപത്തിയേഴിനാണ് ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയിൽ പ്രധാനമന്ത്രി സംസാരിക്കുക. കാശ്മീർ വിഷയം ആഭ്യന്തര വിഷയമായതിനാൽ ഐക്യരാഷ്ട്രസഭയിൽ ഉന്നയിക്കേണ്ടതില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം.

Exit mobile version