അസമില്‍ മാത്രമല്ല, ഇന്ത്യ മുഴുവന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കും; അമിത് ഷാ

പുതുക്കി പ്രസിദ്ധീകരിച്ച അന്തിമ പൗരത്വ രജിസ്റ്റര്‍ പ്രകാരം 19 ലക്ഷം പേരാണ് പട്ടികയില്‍ നിന്ന് പുറത്തായത്.

റാഞ്ചി: ദേശീയ പൗരത്വ രജിസ്റ്റര്‍ ഇന്ത്യ മുഴുവന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
റാഞ്ചിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രം സംഘടിപ്പിച്ച ‘ഹിന്ദുസ്ഥാന്‍ പൂര്‍വോദയ 2019’ എന്ന സ്വകാര്യ പരിപാടിയില്‍ സംസാരിക്കവേയായിരുന്നു ദേശീയ പൗരത്വ രജിസ്റ്റര്‍ ഇന്ത്യ മുഴുവന്‍ നടപ്പിലാക്കുമെന്ന് അമിത് ഷാ വ്യക്തമാക്കിയത്.

‘എന്‍ആര്‍സി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും. രാജ്യത്തെ പൗരന്മാരുടെ ഒരു രജിസ്റ്റര്‍ ഉണ്ടാക്കുമെന്നും അമിത് ഷാ പറഞ്ഞു. അമേരിക്കയിലോ ഇംഗ്ലണ്ടിലോ റഷ്യയിലോ ഒരു ഇന്ത്യാക്കാരന് പോയി നിയമവിരുദ്ധമായി താമസിക്കാന്‍ സാധിക്കുമോ? ഇല്ല, പിന്നെ എന്തുകൊണ്ടാണ് മറ്റ് രാജ്യക്കാര്‍ ഇന്ത്യയില്‍ നിയമപരമായ രേഖകളില്ലാതെ ജീവിക്കുന്നത്? അതുകൊണ്ട് ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പാക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ – അമിത് ഷാ പറഞ്ഞു.

കൃത്യമായ പൗരത്വ രേഖകളുള്ളവരെ മാത്രമേ രാജ്യത്തെ പൗരന്‍മാരായി അംഗീകരിക്കൂ. രാജ്യത്തെ എല്ലാ പൗരന്‍മാരുടെയും വിവരങ്ങളടങ്ങിയ സമഗ്രമായ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്നും അമിത് ഷാ വ്യക്തമാക്കി.

പുതുക്കി പ്രസിദ്ധീകരിച്ച അന്തിമ പൗരത്വ രജിസ്റ്റര്‍ പ്രകാരം 19 ലക്ഷം പേരാണ് പട്ടികയില്‍ നിന്ന് പുറത്തായത്. അസമില്‍ ഇപ്പോള്‍ താമസിക്കുന്നവരില്‍ എത്ര പേര്‍ക്ക് ഔദ്യോഗികമായി ഇന്ത്യന്‍ പൗരത്വമുണ്ടെന്ന് തെളിയിക്കുന്നതാണ് പൗരത്വ രജിസ്റ്റര്‍.

Exit mobile version