കൊവിഡ് ഭീതി ഒഴിഞ്ഞാലുടന്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും; അമിത് ഷാ

പശ്ചിമ ബംഗാള്‍: കൊവിഡ് ഭീതി ഒഴിഞ്ഞാല്‍ ഉടന്‍, രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അമിത് ഷാ.

പൗരത്വ നിയമം നടപ്പിലാക്കും. എല്ലാ അഭയാര്‍ഥികള്‍ക്കും പൗരത്വം ലഭിക്കും. കൊവിഡ് കാരണമുണ്ടായ കാലതാമസം മാത്രമാണ് ഇക്കാര്യത്തിലുള്ളത്. പക്ഷേ, അതെന്തായാലും നടപ്പിലാക്കും. നിയമം നിലവില്‍ വരും അമിത് ഷാ പറഞ്ഞു. അയല്‍ രാജ്യങ്ങളില്‍ മത വിവേചനം നേരിടുന്നവര്‍ക്കുള്ളതാണ് സിഎഎ. മമതയും കോണ്‍ഗ്രസും ബിഎസ്പിയുമെല്ലാം സിഎഎയെ എതിര്‍ക്കുന്നത് അത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഉള്ളതാണെന്ന് പറഞ്ഞു കൊണ്ടാണ്. പ്രതിപക്ഷം കള്ളം പ്രചരിപ്പിക്കുകയാണ്. എല്ലാവര്‍ക്കും പൗരത്വം നല്‍കുന്ന നിയമമാണ് സിഎഎ എന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ബംഗാളില്‍ ഭരണ വിരുദ്ധ വികാരം ഉള്ളതായി കാണാന്‍ കഴിഞ്ഞു. ബംഗാളിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. മമത ബാനര്‍ജിയെ താഴെയിറക്കി പശ്ചിമ ബംഗാളില്‍ ബിജെപി ഭരണം നിലവില്‍ വരുമെന്നും അമിത് ഷാ പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത് ഷാ പശ്ചിമ ബംഗാളില്‍ എത്തിയത്.

Exit mobile version