ബഹുഭൂരിപക്ഷം സംസാരിക്കുന്ന ഹിന്ദിയെ ദേശീയ ഭാഷയായി അംഗീകരിക്കാത്തവർ ദേശ സ്‌നേഹമില്ലാത്തവർ; ബിപ്ലബ് ദേബ്

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പിന്തുണയ്ക്കുകയായിരുന്നു ത്രിപുര മുഖ്യമന്ത്രി.

അഗർത്തല: ഹിന്ദി ഭാഷയ്ക്ക് വേണ്ടി വാദിച്ച് ത്രിപുര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലബ് കുമാർ ദേബ്. ഹിന്ദിയെ ദേശീയഭാഷയായി അംഗീകരിക്കാത്തവർ രാജ്യ സ്നേഹമില്ലാത്തവരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു രാജ്യം ഒരു ഭാഷ എന്ന വാദം ഉയർത്തി വിവാദത്തിന് തുടക്കമിട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പിന്തുണയ്ക്കുകയായിരുന്നു ത്രിപുര മുഖ്യമന്ത്രി.

രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും സംസാരിക്കുന്ന ഭാഷ ഹിന്ദിയാണ്. അതുകൊണ്ട് തന്നെ ഹിന്ദിയാണ് നമ്മുടെ ദേശീയഭാഷ. ഹിന്ദിയെ ദേശീയഭാഷയായി അംഗീകരിക്കാത്തവർ രാജ്യ സ്നേഹമില്ലാത്തവരാണ്. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിക്കാതിരുന്നെങ്കിൽ ഇംഗ്ലീഷ് ഭാഷ ഒരിക്കലും നമ്മുടെ ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദി ദിവസാചരണത്തിന്റെ ഭാഗമായുള്ള ട്വീറ്റിൽ, രാജ്യത്തിന് പൊതുവായൊരു ഭാഷവേണമെന്നും ഭൂരിപക്ഷം പേരും സംസാരിക്കുന്ന ഹിന്ദിക്ക് ഇന്ത്യയെ ഒന്നിപ്പിക്കാൻ കഴിയുമെന്നുമായിരുന്നു അമിത്ഷാ അഭിപ്രായപ്പെട്ടത്.

Exit mobile version