ഒരു രാജ്യം, ഒരു ഭാഷ മാത്രമല്ല; ഒരു പാർട്ടി സ്വപ്‌നവും പേറി അമിത് ഷാ; മൾട്ടി പാർട്ടി സംവിധാനം ജനാധിപത്യത്തെ ചോദ്യം ചെയ്യുമെന്ന് പുതിയ വാദം

രാജ്യത്തെ മൾട്ടി പാർട്ടി സംവിധാനത്തെ ചോദ്യം ചെയ്താണ് അമിത് ഷാ അമിത് ഷാ രംഗത്തുവന്നിരിക്കുകയാണ്.

ന്യൂഡൽഹി: ഒരു രാജ്യം ഒരു ഭാഷ സിദ്ധാന്തം അവതരിപ്പിച്ച് പൊങ്കാല ഏറ്റുവാങ്ങുന്ന ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ പുതിയ വാദവുമായി രംഗത്ത്. രാജ്യത്തെ മൾട്ടി പാർട്ടി സംവിധാനത്തെ ചോദ്യം ചെയ്താണ് അമിത് ഷാ രംഗത്തുവന്നിരിക്കുകയാണ്.

മൾട്ടി പാർട്ടി ജനാധിപത്യത്തെ സംബന്ധിച്ച് ജനങ്ങളിൽ സംശയം ഉടലെടുത്തിട്ടുണ്ടെന്നാണ് ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷനിൽ പങ്കെടുത്ത് സംസാരിക്കവെ അമിത് ഷാ പറഞ്ഞത്. നമ്മുടെ രാഷ്ട്ര നിർമ്മാതാക്കൾ സ്വപ്നം കണ്ട ഇന്ത്യയെ നിർമ്മിക്കുന്നതിനും ക്ഷേമരാഷ്ട്രം എന്ന ലക്ഷ്യത്തിലെത്തുന്നതിനും മൾട്ടി പാർട്ടി സംവിധാനം കാര്യക്ഷമമല്ല. ക്ഷേമരാഷ്ട്രം സൃഷ്ടിക്കുകയെന്നതാണ് മൾട്ടി പാർട്ടി സംവിധാനത്തിന്റെ ലക്ഷ്യം.

എല്ലാവരും തുല്യരായ, തുല്യ അവസരമുള്ള രാഷ്ട്രം സൃഷ്ടിക്കുകയെന്നതായിരുന്നു നമ്മുടെ രാഷ്ട്ര ശില്പികളുടെ ലക്ഷ്യമെന്നും, എന്നാൽ സ്വാതന്ത്ര്യം നേടി 70 വർഷത്തിനിപ്പുറം മൾട്ടി പാർട്ടി പാർലമെന്ററി ജനാധിപത്യ സംവിധാനം പരാജയപ്പെട്ടോയെന്ന് ജനങ്ങൾ സംശയിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. നമ്മുടെ ഭരണഘടനാ നിർമ്മാതാക്കൾ സ്വപ്നം കണ്ട ഇന്ത്യ നിർമ്മിക്കാൻ മൾട്ടി പാർട്ടി സംവിധാനം കൊണ്ട് സാധിച്ചോയെന്നും അമിത് ഷാ ചോദിച്ചു.

അതേസമയം, നേരത്തെ മുതൽ രാജ്യത്തെ മൾട്ടി പാർട്ടി സംവിധാനത്തെ തകർത്ത് രണ്ട് പാർട്ടി സംവിധാനത്തിലേക്ക് കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നതെന്ന പ്രതിപക്ഷ ആരോപണം ശക്തമായിരിക്കുകയാണ്.

Exit mobile version