കോൺഗ്രസ് വിമുക്തഭാരതം ജീവിതലക്ഷ്യമാക്കിയ മോഡി ഒരിക്കൽ കോൺഗ്രസ് വളണ്ടിയറായിരുന്നു; അമ്പരപ്പിക്കുന്ന ജീവിതരഹസ്യം പുറത്ത്

പരിപാടിയുടെ വിജയത്തിന് വേണ്ടി ബാഡ്ജുകൾ വിറ്റ് പണം കണ്ടെത്തുകയും ചെയ്തിരുന്നു.

അഹമ്മദാബാദ്: ബിജെപിയെ രണ്ട് തവണ കേന്ദ്രഭരണത്തിലെത്തിക്കുകയും ഒന്നര പതിറ്റാണ്ട് ഗുജറാത്തിനെ ഭരിക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി മുമ്പ് കോൺഗ്രസ് വളണ്ടിയറായിരുന്നെന്ന രഹസ്യം വെളിപ്പെട്ടു. കോൺഗ്രസ് മുക്തഭാരതമെന്ന സ്വപ്നത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന മോഡിയുടെ പഴയ പശ്ചാത്തലം മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഒരിക്കൽ മോഡി കോൺഗ്രസ് വളണ്ടിയറായി പ്രവർത്തിച്ചിട്ടുണ്ടെന്നാണ്
റിപ്പോർട്ടുകൾ പറയുന്നത്. മോഡി 69ാം ജന്മദിനം ആഘോഷിക്കുന്ന വേളയിലാണ് ഈ വാർത്ത പുറത്തെത്തുന്നത്. ആറ് വയസ്സുള്ളപ്പോഴാണ് മോഡി കോൺഗ്രസ് വളണ്ടിയറായത്. സ്വന്തം ഗ്രാമമായ വഡ്‌നഗറിൽ പ്രാദേശിക കോൺഗ്രസ് നേതാവായ റാസിക്ദായ് ദവേയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കോൺഗ്രസ് പരിപാടിയുടെ വളണ്ടിയറാവുകയാണ് മോഡി ചെയ്തത്. പരിപാടിയുടെ വിജയത്തിന് വേണ്ടി ബാഡ്ജുകൾ വിറ്റ് പണം കണ്ടെത്തുകയും ചെയ്തിരുന്നു.

നരേന്ദ്ര മോഡിയുടെ ജീവിതത്തെ കുറിച്ച് എംവി കാമത്തും കാലിന്ദി രന്ധേരിയും ചേർന്നെഴുതിയ മാൻ ഓഫ് ദ മൊമന്റ് എന്ന പുസ്തകത്തിൽ ഈ സംഭവത്തെ കുറിച്ച് പറയുന്നു. വഡ്‌നഗറിൽ നിന്നുള്ള കോൺഗ്രസ് നേതാവായ ദ്വാരക ദാസ് ജോഷി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്.

Exit mobile version