‘കന്നഡ വിട്ടൊരു കളിക്കില്ല’; അമിത് ഷായുടെ ഹിന്ദി വാദത്തെ തള്ളി യെദ്യൂരപ്പ

അമിത് ഷായുടെ ഹിന്ദി വാദത്തിന് എതിരെ കര്‍ണാടകത്തില്‍ വിവിധ സംഘടനകള്‍ വിമര്‍ശനവുമായി തെരുവില്‍ ഇറങ്ങിയതിനു പിന്നാലെയാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവു കൂടിയായ മുഖ്യമന്ത്രി തന്നെ അമിത് ഷായെ തള്ളി രംഗത്തുവന്നത്.

ബാംഗ്ലൂര്‍; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിന്ദി വാദത്തെ തള്ളി കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ. കര്‍ണാടകയുടെ മാതൃഭാഷയായ കന്നഡയുടെ പ്രാധാന്യം കുറച്ചുകൊണ്ടുള്ള ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് യെദ്യൂരപ്പ ട്വീറ്റ് ചെയ്തു.

രാജ്യത്തെ എല്ലാ ഔദ്യോഗിക ഭാഷകളും തുല്യമാണ്. കര്‍ണാടകയെ സംബന്ധിച്ച് കന്നഡയാണ് പ്രധാന ഭാഷ. അതിന്റെ പ്രാധാന്യം കുറച്ചുകൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പിനും നമ്മള്‍ തയാറല്ല. കന്നഡയും സംസ്ഥാനത്തിന്റെ സംസ്‌കാരവും പ്രോത്സാഹിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും യെദ്യൂരപ്പ ട്വീറ്റില്‍ പറഞ്ഞു.

അമിത് ഷായുടെ ഹിന്ദി വാദത്തിന് എതിരെ കര്‍ണാടകത്തില്‍ വിവിധ സംഘടനകള്‍ വിമര്‍ശനവുമായി തെരുവില്‍ ഇറങ്ങിയതിനു പിന്നാലെയാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവു കൂടിയായ മുഖ്യമന്ത്രി തന്നെ അമിത് ഷായെ തള്ളി രംഗത്തുവന്നത്.

രാജ്യത്തെ ഒന്നിപ്പിക്കുന്ന ഭാഷ വേണമെന്നും കൂടുതല്‍ പേര് സംസാരിക്കുന്ന ഭാഷ എന്ന നിലയില്‍ ഹിന്ദിക്ക് അതിനു കഴിയുമെന്നുമാണ് അമിത് ഷാ അഭിപ്രായപ്പെട്ടത്. ഹിന്ദി ദിവസ് ആചരണ വേളയിലായിരുന്നു അമിത് ഷായുടെ പരാമര്‍ശം.

Exit mobile version