മോഡിക്ക് പാമ്പുകളെയും മുതലയെയും സമ്മാനമായി നല്കുമെന്ന് ഭീഷണി മുഴക്കിയ പാകിസ്താനി ഗായികയ്‌ക്കെതിരെ നടപടി; പിഴയൊടുക്കണമെന്ന് വന്യജീവി വകുപ്പ്

പോപ് ഗായികയായ റാബി പിര്‍സാദയ്‌ക്കെതിരെ പാകിസ്താനിലെ പഞ്ചാബ് വന്യജീവി വകുപ്പാണ് നടപടിയടുത്തത്

ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പാമ്പുകളെയും മുതലയെയും സമ്മാനമായി നല്കുമെന്ന് ഭീഷണി മുഴക്കിയ പാകിസ്താനി ഗായികയ്‌ക്കെതിരെ നിയമ നടപടി. പോപ് ഗായികയായ റാബി പിര്‍സാദയ്‌ക്കെതിരെ പാകിസ്താനിലെ പഞ്ചാബ് വന്യജീവി വകുപ്പാണ് നടപടിയെടുത്തത്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെയാണ് റാബി പിര്‍സാദ മോഡിക്കെതിരെ ശാപവാക്കുകളും ഭീഷണിയും മുഴക്കി രംഗത്തെത്തിയത്. ഈ മാസം ആദ്യം വീഡിയോയിലൂടെയായിരുന്നു മോഡിക്ക് പാമ്പുകളെയും മുതലയെയും സമ്മാനമായി നല്കുമെന്ന് റാബി പറഞ്ഞത്.

പാമ്പുകളെ കയ്യില്‍പിടിച്ചുകൊണ്ട് കാശ്മീര്‍ വിഷയത്തെ കുറിച്ച് സംസാരിക്കുന്ന റാബി, ഇവയെല്ലാം പ്രധാനമന്ത്രി മോഡിക്കുള്ള സമ്മാനങ്ങളാണെന്നും എന്റെ സുഹൃത്തുക്കള്‍ നിങ്ങളെ ആസ്വദിച്ച് ഭക്ഷിക്കുമെന്നും വീഡിയോയില്‍ പറഞ്ഞിരുന്നു.

വീഡിയോയില്‍ പെരുമ്പാമ്പുകളും മുതലകളും നിലത്തുകിടക്കുന്നതും കാണാം. തുടര്‍ന്ന് വന്യജീവികളെ അനധികൃതമായി കൈവശം വെച്ചതിന് റാബിക്കെതിരെ വന്യജീവി വകുപ്പ് നടപടിയെടുക്കുകയായിരുന്നു. പിഴയൊടുക്കാനാണ് വകുപ്പ് റാബിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ചുവര്‍ഷം തടവും പിഴയും ലഭിക്കാനുള്ള കുറ്റമാണ് റാബിയുടെ പേരിലുള്ളത്.

അതേസമയം സംഭവത്തില്‍ പ്രതികരണവുമായി റാബി രംഗത്തെത്തി. വീഡിയോയില്‍ കാണുന്ന പാമ്പുകളും മുതലകളും ഒന്നും തന്റേതല്ലെന്ന് റാബി പറഞ്ഞു. ഈ ജീവികളെയെല്ലാം വീഡിയോ ചിത്രീകരിക്കുന്നതിനായി വാടകയ്ക്ക് എടുത്തതാണെന്നും റാബി പ്രതികരിച്ചു.

Exit mobile version