സൂചന നല്‍കാതെ അണക്കെട്ട് തുറന്ന് റോഡുകള്‍ മുങ്ങി; 50 അധ്യാപകരും 350 വിദ്യാര്‍ത്ഥികളും സ്‌കൂളില്‍ കുടുങ്ങി

ആദര്‍ശ് വിദ്യാ മന്ദിര്‍ സ്‌കൂളിലെ കുട്ടികളാണ് പുറത്തുകടക്കാന്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലാതെ അകപ്പെട്ടത്

ചിത്തോട്ഗഡ്: അണക്കെട്ട് തുറന്നുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് സ്‌കൂളില്‍ കുടുങ്ങിയത് 350 വിദ്യാര്‍ത്ഥികളും അധ്യാപകരും. രാജസ്ഥാനിലെ ചിത്തോട്ഗഡിലാണ് സംഭവം. റാണാപ്രതാപ് അണക്കെട്ട് തുറന്നുവിട്ടതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ റോഡുകള്‍ മുങ്ങിയതോടെയാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും സ്‌കൂളില്‍ കുടുങ്ങിയത്.

ആദര്‍ശ് വിദ്യാ മന്ദിര്‍ സ്‌കൂളിലെ കുട്ടികളാണ് പുറത്തുകടക്കാന്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലാതെ അകപ്പെട്ടത്. എങ്ങും വെള്ളം കയറിയതോടെ ഇവിടെ നിന്ന് പുറത്തേക്ക് പോകാനുള്ള എല്ലാ മാര്‍ഗങ്ങളും അടഞ്ഞ അവസ്ഥയാണ്. ശനിയാഴ്ച മുതലാണ് 50 അധ്യാപകരും 350 വിദ്യാര്‍ഥികളും സ്‌കൂളില്‍ കുടുങ്ങിയത്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രദേശവാസികള്‍ വെള്ളവും ഭക്ഷണവും നല്‍കുന്നുണ്ടെന്ന് എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം സര്‍ക്കാര്‍ ഇതുവരെ തങ്ങളെ രക്ഷിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഓം പ്രകാശ് ഭാംബി അറിയിച്ചു. അണക്കെട്ട് തുറക്കുന്നവിവരം നേരത്തെ അറിയിച്ചില്ലെന്നും സൂചന നല്‍കിയിരുന്നെങ്കില്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സുരക്ഷിത സ്ഥാനത്ത് എത്തിക്കുമായിരുന്നെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

Exit mobile version